ചവറ: ഖനന മേഖലയിലേയ്ക്ക് കായൽ വെള്ളം കയറിയത് പരിഭ്രാന്തിക്കിടയായി. ഐആർഇ കമ്പനിയുടെ ഖനന മേഖലയായ ചവറ കോവിൽത്തോട്ടം 132 -ൽ ബുധനാഴ്ച ആയിരുന്നു സംഭവങ്ങളുടെ തുടക്കം.
കമ്പനിയുടെ ആവശ്യത്തിനായി ഖനന മേഖലയിലുള്ള പഞ്ചായത്ത് റോഡുൾപ്പെടെയുള്ള സ്ഥലം ഖനനം ചെയ്തു. രാത്രിയായതോടെ സമീപത്തെ കായലും ഖനന പ്രദേശത്തെ വെള്ളവും ഒന്നിച്ച് വലിയ ഒഴുക്കുണ്ടാകുകയും വൈദ്യുത തൂണുൾപ്പെടെ കടപുഴകി വീണ് പ്രദേശം ഇരുട്ടിലാവുകയും ചെയ്തു.
തുടർന്ന് വൈദ്യുത വകുപ്പിലെ ജീവനക്കാർ എത്തി വൈദ്യുതബന്ധം വിച്ഛേദിച്ച് അപകടരഹിതമാക്കി. രാത്രി ഒമ്പതരയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവം അറിഞ്ഞ് കോവിൽത്തോട്ടം ഇടവക വികാരി ഫാ.മിൽട്ടനും അജപാലന സമതി ഭാരവാഹികളും ഉടൻ തന്നെ സ്ഥലതെത്തി കമ്പനിയധികൃതരെ വിവരം അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘടിച്ചെത്തി . സംഭവമറിഞ്ഞ് കമ്പനി അധികൃതരുമെത്തി സമോയിചിതമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ഉണ്ടായിരുന്ന ഭാഗത്തെ കുഴിയിൽ വേസ്റ്റ് മണ്ണിട്ടു നികത്തി.
ചവറ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, വാർഡംഗം ആൻസി എന്നിവർ രാത്രി തന്നെ എത്തി. ഇടവക വികാരിയും അജപാലന ഭാരവാഹികളും എത്തിച്ചേർന്ന ജനപ്രതിനിധികളും കമ്പനി ഉദ്യോഗസ്ഥരായ ഐആർഇ യുണിറ്റ് മേധാവി ആർ.വി. വിശ്വനാഥ്, ഡെപ്യൂട്ടി ജനറൽ മാനേജർ എ.ജയപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കുഴികൾ മൂടാമെന്നുള്ള വ്യവസ്ഥയോടെ പ്രതിഷേധം അവസാനിച്ചു.കമ്പനി തീരസംരക്ഷണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തു .