മുക്കം: എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും മുഖ്യമന്ത്രിക്കും പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ ഹന എഴുതുന്നത് …. സർ ഞാനിന്ന് പത്രത്തിലൊരു വാർത്ത കണ്ടു .വളരെ സങ്കടം തോന്നി .അത് കൊണ്ടാണ് ഇത് എഴുതുന്നത് .
നമ്മുടെ പുഴകളെല്ലാം വളരെ മലിനമായിരിക്കുന്നു, അത് ആര് ചെയ്താലും കർശന നടപടി എടുക്കണം… പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനിയായ ആയിഷ ഹനയെന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ ചില വരികളാണിത്.
കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ട ഒരു വാർത്തയും അതിന്റെ ചിത്രവുമാണ് ഈ കുഞ്ഞു മനസിനെ വേദനിപ്പിച്ചത്.
ഇരുവഴിഞ്ഞി ചാലിയാർ സംഗമ സ്ഥലം ശുചീകരിച്ച വാർത്തയുടെ ചിത്രത്തിൽ പുഴയിൽ കെട്ടികിടക്കുന്ന മാലിന്യം വ്യക്തമായി കാണാമായിരുന്നു.
അത്രക്കും അധികമായിരുന്നു അത്. അത് കൊണ്ട് തന്നെയാണ് ഓരോരുത്തരേയും പോലെ ഈ കുഞ്ഞു മനസും വിഷമിച്ചത്.
ആയിഷ ഹനയുടെ ഈ കത്ത് പന്നിക്കോട് എ യു പി സ്കൂൾ അധ്യാപകർ ഫെയ്സ് ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയും ഇത് ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അടുത്ത് എത്തുംവരെ ഷെയർ ചെയ്യുക എന്നാവശ്യപ്പെട്ട് നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഗോതമ്പ റോഡ് സ്വദേശികളായ നീരോലിപ്പിൽ അബ്ദുൽ സലാമിന്റെയും സി .ടി . സബിതയുടേയും മകളാണ് ആയിഷ ഹന.
ഹന പഠനത്തിലെന്ന പോലെ മറ്റു കാര്യങ്ങളിലും മിടുക്കിയാണന്ന് തെളിയിച്ചിരിക്കുകയാണന്ന് പ്രധാനാധ്യാപിക വി.പി. ഗീത, അധ്യാപകരായ സഫ, രമ്യ സുമോദ് എന്നിവർ പറഞ്ഞു.
ഒരു കാലത്ത് മലയോര മേഖലയിലെ ജനങ്ങൾ കുടിക്കാൻ വരെ ഉപയോഗിച്ചിരുന്ന പുഴയാണിന്ന് മത്സ്യ മാംസ കടകളിലേയും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളാലും മലിനമായി കൊണ്ടിരിക്കുന്നത്.