കൊച്ചി: പഠനത്തിനും ജീവിക്കാനുമുള്ള ചെലവിനുമായി എറണാകുളം തമ്മനത്തു മത്സ്യവിൽപന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെ (21) സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത വയനാട് വൈത്തിരി പടിഞ്ഞാറത്തറയിൽ നൂറുദീൻ ഷെയ്ഖിനെ (32) ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
കൊച്ചിയിൽ ജോലിനോക്കിവരുന്ന ഇയാളെ ഇന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യംചെയ്തശേഷം വിട്ടയ്ക്കുകയായിരുന്നു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് പറഞ്ഞു.
കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ജീവിതകഥ പുറത്തുവന്നശേഷം പെണ്‍കുട്ടിയെ അവഹേളിച്ചു സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചാരണം നടത്തുകയായിരുന്നു. ഹനാന്റെ മീൻ വിൽപന സിനിമാ പ്രമോഷന്റെ ഭാഗമാണെന്നും സമൂഹത്തെയാകെ തെറ്റിധരിപ്പിച്ചെന്നുമൊക്കെയായിരുന്നു പരിഹാസം.
ഹനാനെതിരേ അധിക്ഷേപത്തിനു തുടക്കമിട്ടതിനാണു സൈബർ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പെണ്‍കുട്ടിയെ നേരിട്ടു കണ്ടു പരാതി രേഖപ്പെടുത്തിയശേഷമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.