സ്വന്തം ലേഖകന്‍
കോഴിക്കോട്: 65 വയസുകഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 15ന് മുന്‍പ് കോവാക്സിന് ലഭ്യമാക്കാന്‍ ഊര്‍ജിത ശ്രമങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ടുപോകുമ്പോള്‍ വിതരണത്തിലെ താളപ്പിഴ തിരിച്ചടിയാകുന്നു.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പഞ്ചായത്ത് അംഗങ്ങള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്.
ഇതിന് ആദ്യം വാക്സിനേഷന് സെന്ററുകളില്‍ പഞ്ചായത്ത് മെംബര്‍മാര്‍ തങ്ങളുടെ വാര്‍ഡില്‍ ഇതുവരെ വാക്സിന് എടുക്കാത്തവരുടെ ലിസ്റ്റ് നല്‍കണം. അതനുസരിച്ചാണ് വാക്സിന് നല്‍കുന്നത്.
എന്നാല്‍ പലയിടത്തും ആളുകള്‍ എത്തിയിട്ടും ലിസ്റ്റ് എത്താത്ത സ്ഥിതിവിശേഷമുണ്ട്. ഇത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
മാത്രമല്ല പ്രായമായവര്‍ നേരിട്ട് സെന്ററുകളില്‍ എത്തുമ്പോള്‍ ഇവരെ സഹായിക്കാനായി പലയിടത്തും ഉദ്യോഗസ്ഥരില്ല.
പലരും മക്കളുടെയും മറ്റും ഫോണില്‍ നിന്നാണ് രജിസ്ട്രേഷന് ചെയ്തത്. ഇ-ഐഡി ലഭിക്കുന്നതിനായി നട്ടം തിരിയുന്നവരും ഏറെ.
ആദ്യ ദിവസം 21,328 പേര്‍ക്കും രണ്ടാം ദിനം 12,220 പേര്‍ക്കും മാത്രമാണ് വാക്സിന് നല്‍കാനായത്. സാധാരണ ലഭ്യമാകുന്നതിലും കുറവായാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന് എത്തിയത്.
60 വയസിന് മുകളിലുള്ള എല്ലാവര്ക്കും 15 ന് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യജ്ഞം ആരംഭിച്ചത്.
തിങ്കളാഴ്ച 60 വയസിന് മുകളിലുള്ള 9,918 പേര്‍ക്കും ചൊവ്വാഴ്ച 3625 പേര്‍ക്കും മാത്രമാണ് നല്‍കാനായത്.
ജില്ലയില്‍ ഇനി 60 വയസിന് മുകളിലുള്ള 70,000 പേര്‍ക്കുകൂടി വാക്സിന് നല്‍കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പ്രതിദിനം 20,000 ഡോസ് കണക്കില്‍ അടുത്ത രണ്ട് ദിവസം നല്‍കാനുള്ള വാക്സിന് മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്.
ഇതിനായി 15,000 ഡോസ് കോവാക്സിനും 25,000 ഡോസ് കോവി ഷീല്‍ഡും എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടെ 13 ദിവസങ്ങളില്‍ മാത്രമാണ് പ്രതിദിനം 20,000ത്തിന് മുകളില്‍ ഡോസ് നല്‍കാനായത്.