കായംകുളം: ബിഎസ്എന്‍എല്‍ ഓഫീസിലെ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിക്ക് ടവറിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു.
കടന്നൽ ആക്രമണത്തെത്തുടര്‍ന്ന് താഴേക്കിറങ്ങിയപ്പോൾ ഫയര്‍ഫോഴ്സ് വിരിച്ചിരുന്ന രക്ഷാവലയില് വീണ യുവതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് വില്ലുപുരം മേട്ടു സ്ട്രീറ്റില്‍ അമ്പുറാണി(23)ആണ് കൂറ്റന്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു യുവതിയെത്തിയത്. ശുചിമുറിയില്‍ പോകാനെന്ന വ്യാജേന ടവറിനടുത്തേക്കു പോയി മുകളിലേക്ക് കയറുകയായിരുന്നു.
കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ജീവനക്കാരാണ് യുവതി ബിഎസ്എന്‍എല്‍ ടവറിനു മുകളിലേക്ക് വലിഞ്ഞു കയറുന്നതുകണ്ടത്.
കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായുള്ള പ്രശ്നത്താൽ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. ജീവനക്കാര്‍ ഉടന്‍തന്നെ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു.
പോലീസും രണ്ടു യൂണീറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല.
അഗ്നിരക്ഷാസേനാംഗങ്ങള്‍ ടവറിനു ചുറ്റും വലവിരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ മൈക്കിലൂടെ യുവതിയോട് താഴെയിറങ്ങാന്‍ പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍, യുവതി പറയുന്നത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍ക്കൂട് ഇളകി പൊതിഞ്ഞു.
ശരീരമാസകലം കടന്നല് കുത്തേറ്റ യുവതി സാഹസികമായി താഴേക്കിറങ്ങവേ ഇടയ്ക്കുവച്ച് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീഴുകയുമായിരുന്നു.
യുവതിക്ക് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പ്രാഥമികശുശ്രൂഷ നല്കി. ഭര്‍ത്താവിനെതിരേ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് യുവതിയിൽനിന്നു കണ്ടെത്തി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സുരേഷ്കുമാര്‍, ശ്രീകുമാര്‍, ശിവന്, ഹേംരാജ്, നിസാമൂദ്ദീ്ന്, നിഷാദ്, ജിമ്മി ജോസഫ്, സജീവ്, അന്‍വര്‍ സാദത്ത്, ഹോം ഗാര്‍ഡ് ഉണ്ണിക്കൃഷ്ണന് എന്നിവരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.