കൊയിലാണ്ടി: സ്വര്‍ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ(39)യേയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി മേക്കറുകണ്ടി ഷംസാദ്(42)നേയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
കസ്റ്റംസിന്റേതാണെന്ന തരത്തില്‍ വ്യാജരേഖ നിര്‍മിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാര്‍ പറഞ്ഞു.
ഖത്തറിലായിരുന്ന ഹനീഫ മാര്‍ച്ച് 29നാണ് നാട്ടിലെത്തിയത്.
വിദേശത്തുനിന്ന് എത്തിയ പയ്യോളി സ്വദേശിയ ജുനൈദിന്റെ കൈവശമുണ്ടായിരുന്ന സ്വർണം കസ്റ്റംസ് പിടിച്ചതായി പറയാനും വ്യാജമായി ഒരു എ ഫോർ ഷീറ്റിൽ രേഖയുണ്ടാക്കി നൽകി.
എന്നാല്‍ ഈ സ്വര്‍ണത്തിന്റെ ഉടമകൾ ഇത് വിശ്വസിച്ചില്ല . ഇവർ രഹസ്യമായി ഇതിനെ പറ്റി അന്വേഷിക്കുകയും ജുനൈദിനെ പയ്യോളിയിൽവച്ച് മർദിക്കുകയും ചെയ്തു.
വിവരം ആരോടും പറഞ്ഞില്ല. പിന്നീടൊരിക്കൽ ഷംസാദിനെയും പയ്യോളിയിൽവച്ച് മർദിച്ചെങ്കിലും പരാതി കൊടുക്കാൻ തയാറായില്ല. പിന്നീട് വീട്ടിലെത്തിയാണ് പോലീസ് പരാതി എഴുതി വാങ്ങിയത്.
സ്വര്‍ണം കസ്റ്റംസ് പിടിച്ചതായാണ് ജുനൈദിനോട് ഇരുവരും പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സ്വര്‍ണം കസ്റ്റംസ് പിടിച്ചതിന്റെ തെളിവായി എ ഫോര്‍ കടലാസില്‍ കസ്റ്റംസിന്റെതാണെന്നമട്ടില് വ്യാജ സീല്‍ പതിച്ച് രേഖയുണ്ടാക്കി ജുനൈദിന് കാണിച്ച് കൊടുക്കുകയായിരുന്നു.
താമരശേരി കൊടുവള്ളി മേഖലയിലുള്ളവരുടെതായിരുന്നു വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണം. കൊടുവളളി സംഘം നടത്തിയ അന്വേഷണത്തില്‍ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു.
കസ്റ്റംസ് റിപ്പോര്‍ട്ട് വ്യാജമായി നിര്‍മിച്ചതാണെന്ന് മനസിലായതോടെ സ്വര്‍ണം നഷ്ട്ടപ്പെട്ട സംഘം ഹനീഫയുടെയും ഷംസാദിന്റെയും പിന്നാലെ തന്നെയുണ്ടായിരുന്നു.
പല തരത്തില്‍ ഭീഷണി മുഴക്കിയ സംഘം ഷംസാദിനെ മേയ് 27ന് പയ്യോളിയില്‍ നിന്ന് പട്ടാപ്പകല്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തി. നാട്ടുകാര്‍ ഇടപ്പെട്ടതോടെ ആ ശ്രമം വിഫലമാകുകയായിരുന്നു.
ഈ സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഹനീഫയെ ഞായറാഴ്ച രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ സംഘം വീട്ടിനടുത്തു നിന്നും തട്ടി കൊണ്ടു പോയത്.
സഹോദരിയുടെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കടത്തി കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍വച്ച് ഹനീഫയ്ക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഹനീഫയെ വഴിയില്‍ ഇറക്കി വിട്ട് അക്രമി സംഘം കടന്നു കളയുകയായിരുന്നു.
ഹനീഫയുടെ വീടിന് സമീപത്ത് നിന്ന് ഇരുന്നുറ് മീറ്റര്‍ അകലെ റോഡരികില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയിരുന്നു.