കോഴിക്കോട്: സുമനസുകളുടെ കനിവുകാത്ത് വെന്റിലേറ്ററില്‍ രണ്ടു കുരുന്നു ജീവന് കൂടി.
ഓമശേരി കിഴക്കോത്ത് അബൂബക്കറിന്റെ മകൾ ഒന്നര വയസുകാരി ഫാത്തിമ ഫൈസലും മലപ്പുറം പെരിന്തൽമണ്ണ ആരിഫിന്റെ ആറുമാസം പ്രായമുള്ള മകൻ ഇമ്രാനുമാണ് കോഴിക്കോട് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്.
ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗമാണ് ഇവര്‍ക്കെന്ന് ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ അറിയിച്ചു.
ഒാരോരുത്തര്‍ക്കും ഒരു ഡോസ് മരുന്നിനായി 18 കോടി രൂപ വീതം വേണം. വെന്റിലേറ്ററിലാണ് രണ്ടു കുഞ്ഞങ്ങളുമുള്ളതെന്ന് ഡോക്ടര്‍ അറിയിച്ചു.
പേശിവളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉത്പാദിപ്പിക്കാത്ത അസുഖമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. ഒനാസെമ്നോജീൻ എന്ന ഒറ്റ ഡോസ് മരുന്നാണ് ഇതിന് നൽകേണ്ടത്.
മരുന്ന് അമേരിക്കയിൽനിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്യേണ്ടതുണ്ട്. അതിന് സർക്കാർ സഹായം ലഭിക്കുമെന്ന് കരുതി കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല.
രണ്ടു വയസിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. 15 ദിവസത്തിലൊരിക്കൽ കമ്പനി ഒരു കുട്ടിക്കു നറുക്കെടുത്ത് സൗജന്യ മരുന്ന് നൽകും.
ഫാത്തിമ ഫൈസലിന് കമ്പനിയുടെ മരുന്ന് സൗജന്യമായി ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മരുന്നു ലഭിക്കുന്നതിനു മുമ്പ് കുഞ്ഞ് വെന്റിലേറ്ററിലായി.
ഇപ്പോൾ അഞ്ചുമാസമായി വെന്റിലേറ്ററിലാണ്. വെന്റിലേറ്ററിലുള്ള കുട്ടികൾക്ക് സൗജന്യമരുന്ന് ലഭിക്കില്ല. വെന്റിലേറ്ററിൽനിന്ന് ഒഴിവാകുകയാണെങ്കിൽ സൗജന്യമരുന്ന് നൽകാമെന്നാണ് കമ്പനി വാഗ്ദാനം.
എന്നാൽ, വെന്റിലേറ്റർ മാറ്റുമ്പോൾ കുഞ്ഞിന് ശ്വസിക്കാനാകുന്നില്ല. പണം കൊടുത്ത് മരുന്നു വാങ്ങുകയാണെങ്കിൽ വെന്റിലേറ്ററിൽ കഴിയുമ്പോഴും നൽകാം.
നാടിന്റെ മുഴുവന്‍ കാരുണ്യത്തിന്റെ കരുത്തുണ്ടെങ്കില്‍ മാത്രമേ ഇരുവര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാനാവുകയുള്ളൂ.
മാട്ടൂലിലെ കുഞ്ഞുമുഹമ്മദിനു വേണ്ടി ഒന്നിച്ച നന്മമരങ്ങള് ഈ രണ്ടു കുഞ്ഞുങ്ങളുടെ ജീവനുവേണ്ടിയും കൂടി കൈകോര്‍ക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അഭ്യർഥന.