പാനൂർ(കണ്ണൂർ): പാട്യം മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കതിരൂർ പോലീസ് കേസെടുത്തു. മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകൻ ബിസ്മില്ല മൻസിലിൽ എം.സയ്യിദിന്റെ രണ്ട് കാലുകളും ഒരു കൈയും വെട്ടിയും അടിച്ചൊടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ 9.30 ഓടെയാണ് മുതിയങ്ങയിൽ ചായക്കടയിൽ ഇരിക്കവേ എം.സയ്യിദിന് നേരെ വടിവാളും ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം അതിക്രൂരമായി ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ സയ്യിദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് രാത്രി പത്തോടെ പാട്യം മുതിയങ്ങയിൽ വച്ച് തന്നെ സയ്യിദിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തിരുന്നു. സംഭവ സമയം കാറിലുണ്ടായ മകളുടെ കണ്ണിന് ചില്ല് തെറിച്ചു പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും നാലു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.