കൊട്ടാരക്കര: പൊതുവഴി കയ്യേറിയതു ചോദ്യം ചെയ്ത ലോട്ടറി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ചു. പെരുംകുളം തേക്കുവിളവീട്ടിൽ ഉദയനെയാണ് അയൽവാസികളുൾപ്പെട്ട സംഘം മർദ്ദിച്ചത്. ഉദയനും ഭാര്യ മഞ്ജുവും ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കാഞ്ഞിരംവിള കോളനിയുടെ അവസാന ഭാഗത്താണ് ഇവരുടെ വീട്.
ഇവിടേക്കുള്ള വഴി സമീപവാസികൾ കയ്യേറി കൃഷി നടത്തുന്നതിനെതിരെ ഉദയൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ഉദയനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രാജേന്ദ്രനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇടപെട്ട ജനപ്രതിനിധികളും ചില നേതാക്കളും കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തി.
മർദ്ദനമേറ്റതുമൂലം മുടങ്ങിയ ലോട്ടറി വില്പനയുടെ പണം പറ്റി കേസ് ഒത്തു തീർക്കാനാണ് പ്രദേശത്തെ ജനപ്രതിനിധി ഇവരോടു നിർദ്ദേശിച്ചതെന്നും ആരോപണമുണ്ട്. മൈലം, കുളക്കട പഞ്ചായത്തുകളുടെ അതിർത്തിയിൽ വരുന്ന വഴി മൈലം പഞ്ചായത്തിന്റെ ആസ്തി രജിസ്ടറിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.
വഴിയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യവുമായി ജില്ലാകളക്ടർക്കും ഉദയൻ പരാതി നൽകി. ഉദയൻ ആശുപത്രിയിലായതോടെ ഇവരുടെ ലോട്ടറിവില്പനയും മുടങ്ങി.