തൃശൂർ: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഇ – മെയിൽ വഴി സമർപ്പിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും കൈപ്പറ്റ് രസീത് നൽകുന്നില്ലെന്ന പരാതിയിൽ സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.നിയമപ്രകാരം ലഭിക്കേണ്ട പ്രാധാന്യം അർഹിക്കുന്ന കൈപ്പറ്റ് രസീത് പോലും അപേക്ഷകർക്ക് ലഭിക്കുന്നില്ല
എന്ന പരാതിയിലാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തകനെ പറ്റിയുള്ള ചില വിവരങ്ങളും രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകൻ പി.ബി. സതീഷ് കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിറകെ അപേക്ഷയ്ക്ക് ഇ – മെയിൽ വഴി കൈപ്പറ്റ് രസീത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറിയുടെ ഓഫിസിനെ ബന്ധപ്പെട്ടെങ്കിലും ഒരുമാസം പിന്നിട്ടിട്ടും രസീത് ലഭിച്ചില്ലെന്നും സതീഷ് ആരോപിച്ചു.
ഇതേ തുടർന്ന് സതീഷ് പൊതുഭരണ ഏകോപന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിക്കുകയും വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്കെതിരേ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെടുകയുമായിരുന്നു. 2008 മുതൽ 2024 വരെ കാലഘട്ടങ്ങളിൽ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ താൽക്കാലിക ഉത്തരവുകൾ, പരാതികളും രണ്ടാം അപ്പീലുകൾ എന്നിവ ഉൾപ്പെടെ 6845 കേസുകളിൽ അന്തിമ ഉത്തരവ് ലഭിക്കാതെ കെട്ടിക്കിടക്കുന്നത്.
ഇവ തീർപ്പാക്കാനുള്ള യാതൊരു പരിശ്രമവും വിവരാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും വിവരാവകാശ കമ്മീഷൻ ഓഫീസിൽനിന്ന് ലഭിക്കുന്ന ഉത്തരവുകൾ തെളിച്ചം ഇല്ലാതെയും അപേക്ഷ മറുപടി രേഖകളിൽ അപേക്ഷകന് വായിച്ചു മനസിലാക്കാൻ കഴിയാത്തതാണെന്നും പരാതിയുണ്ട്. ഇത്തരത്തിൽ വായിക്കാൻ കഴിയാത്ത ഭാഗങ്ങൾ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പേന കൊണ്ട് തിരുത്തിയും ഒൗദ്യോഗിക രേഖകളായി നിൽക്കുന്നത് കുറ്റകരവും അപേക്ഷകരെ പോലും പ്രതിക്കൂട്ടിലാക്കുമെന്നും സതീഷ് പറഞ്ഞു.