പത്തനംതിട്ട: കാന്‍സര്‍ ബോധവത്കരണ പ്രതിരോധ നിയന്ത്രണയജ്ഞത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ തയറാക്കിയ “സ്വാസ്ഥ്യം’ എന്ന കൈപ്പുസ്തകം ആര്‍ക്കും പ്രയോജനമില്ലാതെ മാസങ്ങളായി കളക്ടറേറ്റിന്റെ പ്രവേശന കവാടത്തില്‍ കെട്ടിയിട്ടിരിക്കുന്നു. വേണ്ട ഫണ്ടില്ലാത്തതി നാല്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
കുടുംബശ്രീ ജില്ലാ ഓഫീസില്‍ വയ്ക്കാന്‍ ഇടമില്ലാത്തതിനാലാണ് കളക്ടറേറ്റിന്റെ പ്രവേശന കവാടത്തില്‍തന്നെ ബുക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ നില തുടര്‍ന്നാല്‍ ബോധവത്കരണത്തിന് ഉപയോഗിക്കാനാകാതെ കൈപ്പുസ്തകം ചിതലെടുക്കുമെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ തന്നെ പറയുന്നു. ദേശീയഗ്രാമീണ ഉപജീവന മിഷന്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാന്‍സറിനെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ഒട്ടേറെ വിവരങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം തയാറാക്കിയിട്ടുള്ളത്.
പാലായിലുള്ള സി-ആപ്റ്റിലായിരുന്നു അച്ചടി. അമ്പതിനായിരം കോപ്പികളാണ് അച്ചടിച്ചിട്ടുള്ളത്. ആദ്യഘട്ടമായി പുസ്തകങ്ങളില്‍ ഭൂരിഭാഗവും ജില്ലയിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കി കഴിഞ്ഞ തായി അധികൃതര്‍ പറയുന്നു. ബാക്കി വരുന്ന അയ്യായിരത്തോളം പുസ്തകങ്ങളാണ് ഇപ്പോള്‍ കളക്ടറേറ്റില്‍ കെട്ടിവച്ചിട്ടുള്ളതെന്നും അവ വൈകാതെ ക്ലബ്ബുകള്‍, സ്കൂളുകള്‍, കോളജുകള്‍ വിവിധ സംഘടനകള്‍ എന്നിവയിലൂടെ വിതരണം ചെയ്യുമെന്നും പറയുന്നു.
ഹരികിഷോര്‍ ജില്ലാ കളക്ടറായിരുന്നപ്പോഴാണ് പുസ്തകം അച്ചടിച്ചത്. കളക്ടറേറ്റില്‍ എത്തിച്ച പുസ്തകങ്ങള്‍ നാലുമാസം മുമ്പാണ് സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ പ്രവേശന കവാടത്തിന് സമീപം കെട്ടിവച്ചത്. എന്നാല്‍ പ്രിന്റു ചെയ്തശേഷം പുസ്തകങ്ങള്‍ എവിടെയെങ്കിലും വിതരണം ചെയ്തതിനെക്കുറിച്ച് കുടുംബശ്രീ അധികൃതര്‍ക്കും അറിവില്ല.