തൊടുപുഴ: ദേശീയ ഹാന്‍ഡ് ബോള്‍ താരത്തെ മര്‍ദിച്ചെന്ന പരാതിയില്‍ കോച്ചിനും മാനേജര്‍ക്കുമെതിരേ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും ഇന്ത്യന്‍ ഹാന്‍ഡ് ബോള്‍ താരവുമായ ആദിത്യനാണ്(17) മര്‍ദ്ദനമേറ്റത്.
കോച്ച് നിഖില്‍, മാനേജര്‍മാരായ ശിവപ്രസാദ്, സുധീര്‍ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്കു നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
മൂന്നാഴ്ച മുമ്പ് തൊടുപുഴയില്‍ നടന്ന മിനി ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ ആയിരുന്നു സംഭവം. ഇടുക്കി ജില്ലാ വനിതാതാരങ്ങള്‍ക്ക് ആദിത്യന് ഹാന്‍ഡ്ബോളില്‍ പരിശീലനം നല്‍കിയിരുന്നു. ഇതാണു കോച്ചിനെ ചൊടിപ്പിച്ചത്.
ഇത് തടയാന്‍ ശ്രമിച്ച ആദിത്യന്റെ പിതാവിനെയും ഇവര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ മര്‍ദ്ദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര് . മധുബാബു പറഞ്ഞു.