വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്(53) എതിരേ ക്രിമിനൽ കുറ്റം ചുമത്തി.
മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കുറ്റത്തിനാണിത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മകൻ ക്രിമിനൽ വിചാരണ നേരിടുന്നത് ആദ്യമാണ്.
2018 ഒക്ടോബറിൽ ഡെലാവറിലെ കടയിൽനിന്നാണു ഹണ്ടർ ബൈഡൻ തോക്ക് വാങ്ങിയത്. ഇതിനായി സമർപ്പിച്ച രേഖകളിൽ മയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു.
ആ സമയത്ത് ഹണ്ടർ ബൈഡൻ വലിയതോതിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. യുഎസ് നിമയം അനുസരിച്ച് ഇത്തരം കുറ്റത്തിനു പരമാവധി 25 വർഷം വരെ തടവു ലഭിക്കാം.
അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കന്മാരാണ് കേസിനു പിന്നിലെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകർ ആരോപിച്ചു.ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനും അന്വേഷണം നടക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിൽ സമയത്ത് നികുതി അടച്ചില്ലെന്നാണ് ആരോപണം.
തോക്കുകേസിലും നികുതിക്കേസിലും കുറ്റം സമ്മതിച്ച് ശിക്ഷ ഒഴിവാക്കാനുള്ള ധാരണ പ്രോസിക്യൂഷനും ഹണ്ടൻ ബൈഡന്റെ അഭിഭാഷകരും തമ്മിലുണ്ടാക്കിയെങ്കിലും കോടതി ഈ നീക്കം തള്ളിക്കളഞ്ഞു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന പ്രസിഡന്റ് ബൈഡന് മകനെതിരായ കേസുകൾ തലവേദന സൃഷ്ടിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റായിരിക്കേ മകന്റെ ബിസിനസിൽ നടത്തിയ ഇടപാടുകളെക്കുറിച്ച് നുണപറഞ്ഞുവെന്നാരോപിച്ച് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.