കൊച്ചി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വച്ചാല്‍ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം ബാധകമാക്കി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം.
സുപ്രീം കോടതി വിധി പറഞ്ഞ കേസ് എന്‍എസ്എസ് മാനേജ്മെന്റ് നല്‍കിയതാണ് എന്നതാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങള്‍ നേരിടുന്ന മറ്റു സ്കൂളുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ആ ഉത്തരവിലുണ്ടായിട്ടും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ദുരൂഹമാണെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നു.
ഭിന്നശേഷിയുടെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഈ അനിശ്ചിതാവസ്ഥ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വച്ചാല്‍ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ ക്രമപ്പെടുത്താം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്.
സ്വന്തം ലേഖിക