കായംകുളം: കൈവല്യ പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കായംകുളത്ത് പ്രവർത്തനം തുടങ്ങി. തൊഴിൽ എക്സൈസ്് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ തൊഴിൽ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും ഇവർക്കായി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന തൊഴിൽ വകുപ്പിൽ നിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസിന് കീഴിൽ ഭിന്നശേഷിക്കാർക്കായി ഒട്ടേറെ തൊഴിൽ പദ്ധതികളും അവസരങ്ങളും ഇന്ന് ലഭ്യമാണ്. ഇവയുടെ എല്ലാ സേവനങ്ങളും കായംകുളത്ത് പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അഞ്ചാമത്തെ എംപ്ലോയ്മെന്റ് കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ എം.എ ജോർജ്് തോമസ്, കായംകുളം നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ആർ ഗിരിജ, വാർഡ് കൗണ്‍സിലർ ഷീബാ ദാസ്, സജി ജോർജ്, എ.സൂധീർകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.