പത്തനാപുരം: തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതാണ് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മന്ത്രി കെ.രാജു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ഓള് കേരള വീല്‍ചെയര്‍ യൂസേഴ്സ് അസോസിയേഷന്റെ രണ്ടാമത് സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഏറെ കരുതല്‍ നല്‍കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിരവധി ക്ഷേമപദ്ധതികളും സഹായങ്ങളും നിലവിലുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രാപ്തിയിലെത്തുന്നുണ്ടെന്നത് സംശയകരമാണെന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനും അതിനെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുവാനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അവകാശങ്ങള്‍ എന്തെന്നറിയാത്തതിനാല്‍ മാത്രം അര്‍ഹതപ്പെട്ട പരിഗണന കിട്ടാതെപോകുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അവരെ സംരക്ഷിക്കുന്നവര്‍ക്കും ഇതിനെക്കുറിച്ച് വലിയ അറിവുണ്ടാകണമെന്നില്ല. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ യഥാസമയം ആനൂകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീല്‍ചെയര്‍ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് അജിത്ത് കൃപാലയം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയകൃഷ്ണന്, ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, നടന് ടി.പി മാധവന്, വികലാംഗക്ഷേമബോര്ഡ് മെമ്പര്‍ കെ.ജി സജന്, ഡോ. ജി.ബാലകൃഷ്ണന്, അനില്‍കുമാര്‍, സജീവന്, ജോണ്‍സ്, സൈമണ്‍ ജോര്‍ജ്, ചന്ദ്രകുമാര്‍ അമ്പലപ്പുഴ, സജി വാഗമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.