ജിജേഷ് ചാവശേരി
മട്ടന്നൂർ: സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയായി കണ്ണൂർ മാറിയിട്ടും മട്ടന്നൂരിലെ മിക്ക സർക്കാർ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് കയറിയെത്തണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. മിക്ക ഓഫീസുകളും മൂന്നും നാലും നിലകളിൽ പ്രവർത്തിക്കുന്നതാണ് ഭിന്നശേഷിക്കാരെ പ്രയാസത്തിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് പ്രയാസമില്ലാതെ എത്തിപ്പെടാനുള്ള സൗകര്യത്തോടെ വേണം ഓഫീസുകൾ പ്രവർത്തിക്കണമെന്നുണ്ടെങ്കിലും മട്ടന്നൂരിലെ പല ഓഫീസുകളും വാടക കെട്ടിടത്തിൽ മുകൾ നിലകളിലാണു പ്രവർത്തിക്കുന്നത്.
നഗരസഭാ ഓഫീസിനു സമീപത്ത് പ്രവർത്തിക്കുന്ന ജില്ലാ ട്രഷറി, അമ്പലം റോഡിലെ സാമൂഹ്യനീതി ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, വാട്ടർ അഥോറിറ്റി ഓഫീസ്, പാലോട്ടുപള്ളിയിലെ കെഎസ്ഇബി ഓഫീസ് എന്നിവയെല്ലാം കെട്ടിടത്തിന്റെ മുകൾനിലയിലാണു പ്രവർത്തിക്കുന്നത്. ജില്ലാ ട്രഷറിയും സമൂഹ്യനീതി ഓഫീസും കെട്ടിടത്തിന്റെ മൂന്നാം നിലയിലും മറ്റു ഓഫീസുകൾ രണ്ടാം നിലകളിലുമാണു പ്രവർത്തിക്കുന്നത്.
ഓഫീസുകൾ രണ്ടും മൂന്നും നിലകളിൽ പ്രവർത്തിക്കുന്നതിനാൽ ഭിന്നശേഷിക്കാരും വയോധികരും ഏറെ പ്രയാസമനുഭവിക്കുകയാണ്. കെട്ടിടത്തിൽ ലിഫ്റ്റോ, റാമ്പോ സ്ഥാപിക്കാതെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. പെൻഷൻ വാങ്ങാനും വൈദ്യുതി, വെളളം എന്നിവയുടെ ബില്ല് അടക്കാനും ഭിന്നശേഷിക്കാരും വയോധികരുമായ ഉപഭോക്താക്കൾ ദുരിതമനുഭവിക്കുകയാണ്.
താഴെ നിലകളിൽ പ്രവർത്തിക്കുന്ന മട്ടന്നൂരിലെ വിദ്യാലയങ്ങളിലും നഗരസഭ ഓഫീസിലും വില്ലേജിലും മറ്റും റാമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ കയറാൻ സംവിധാനമില്ലാത്ത അവസ്ഥയാണ്. ഭിന്നശേഷിക്കാർക്ക് ഓഫീസിലെത്താൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ഡിഎഡബ്യൂഎഫ് മട്ടന്നൂർ ഏരിയാ പ്രസിഡന്റ് പ്രേമൻ പറഞ്ഞു.
പുതിയ ബിൽഡിംഗ് നിർമിക്കുമ്പോൾ കെട്ടിടത്തിൽ ലിഫ്റ്റും റാമ്പും നിർമിക്കണമെന്നു നിയമമുണ്ടെങ്കിലും ഇതൊക്കെ കാറ്റിൽ പറത്തിയാണു കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത്.