സിജോ പൈനാടത്ത്
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അറിവും ആഹ്ലാദവും സമ്മാനിക്കുന്ന വിദ്യാലയത്തിനു കെട്ടിട നികുതിയുടെ പേരിൽ ജപ്തി ഭീഷണി. അങ്കമാലി കിടങ്ങൂരിലുള്ള അൽഫോൻസ് സദൻ സ്പെഷൽ സ്കൂളിനാണു ഗ്രാമപഞ്ചായത്തിന്റെ ജപ്തി ഭീഷണിയുണ്ടായിരിക്കുന്നത്. സ്പെഷൽ സ്കൂളുകളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കിയുള്ള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള തുറവൂർ ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണു രക്ഷിതാക്കൾ.
42,000 രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടാണു സ്കൂളിനു കഴിഞ്ഞ ദിവസം അധികൃതർ നോട്ടീസ് നൽകിയത്. നികുതി അടച്ചില്ലെങ്കിൽ നിയമനടപടികൾ പൂർത്തിയാക്കി കെട്ടിടം ജപ്തി ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 1975ലെ കേരള കെട്ടിടനികുതി ചട്ടപ്രകാരം ചാരിറ്റബിൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിട നികുതി അടയ്ക്കേണ്ടതില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷൽ സ്കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ പഞ്ചായത്ത് രാജ് ആക്ടിലെ 203-ാം വകുപ്പു പ്രകാരമുള്ള കെട്ടിട നികുതി, 200-ാം വകുപ്പു പ്രകാരമുള്ള സേവന ഉപനികുതി എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1987ൽ ആരംഭിച്ച അൽഫോൻസ് സദൻ സ്പെഷൽ സ്കൂളിന് ആദ്യമായാണു ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ചുമത്തി നോട്ടീസ് നൽകുന്നതെന്നു പിടിഎ പ്രസിഡന്റ് സുരേഷ് ബാബു ചൂണ്ടിക്കാട്ടി. അതതു കാലത്തെ പഞ്ചായത്ത് ഭരണസമിതികൾ ചട്ടപ്രകാരമുള്ള നികുതിയിളവിനോട് അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകാത്തതു ചൂണ്ടിക്കാട്ടി പഞ്ചായത്തിനെതിരേ രക്ഷിതാക്കൾ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണിതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മറ്റെല്ലാ സ്പെഷൽ സ്കൂളുകളെയും കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്പോൾ അൽഫോൻസ് സദനു നേരെയുള്ള പഞ്ചായത്തിന്റെ നടപടി ക്രൂരമാണെന്നു പഞ്ചായത്തംഗവും കേരള കോണ്ഗ്രസ്-എം മണ്ഡലം പ്രസിഡന്റുമായ ജിന്റോ വർഗീസ് ചൂണ്ടിക്കാട്ടി. അൽഫോൻസ് സദൻ സ്പെഷൽ സ്കൂളിനെതിരെയുള്ള ഗ്രാമപഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു പേരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പിഎഐഡി) 11നു പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ പരിപാടി നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് പറഞ്ഞു.
വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കു പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. അതേസമയം 2013-14 സാന്പത്തിക വർഷം അൽഫോൻസ് സദനു കെട്ടിട നികുതി നിർണയം നടത്തിയത് അന്നത്തെ ഭരണസമിതിയാണെന്നും ഇതു തിരുത്താൻ ഇപ്പോൾ തങ്ങൾക്ക് അധികാരമില്ലെന്നും തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് വ്യക്തമാക്കി. എഫ്സിസി സന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രോവിൻസിനു കീഴിലുള്ള അൽഫോൻസ് സദനിൽ വിവിധ മേഖലകളിൽ നിന്നുള്ള 140 ഭിന്നശേഷിക്കാരായ വിദ്യാർഥികളാണു പഠിക്കുന്നത്.