ഒരു വഴി അടഞ്ഞാല്‍ മറ്റൊന്ന് എന്നല്ലേ പറയാറ്. അതിന് തെളിവാകുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം കൈയ്യക്ഷരത്തെ വ്യത്യസ്തമായ ഒരു ആവശ്യത്തിനുവേണ്ടി ഉപയോഗിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് മറ്റൊരു വ്യക്തി.
ജോലി അപേക്ഷ കംപ്യൂട്ടറില്‍ തയാറാക്കാനും പ്രിന്റെടുക്കാനും പണമില്ലാത്തതിനാല്‍ കൈകൊണ്ട് ബയോഡേറ്റ എഴുതി തയാറാക്കി നല്‍കിയാണ് യുവാവ് താരമായത്. റൊസാരിയോ സ്വദേശിയായ ഇരുപത്തിയൊന്നുകാരന് കാര്‍ലിറ്റോസ് ഡ്യുറാത്തേ ആണ് സ്വന്തം കൈപ്പടയിലെഴുതിയ സിവി തയാറാക്കിയത്.
ഏറെനാളായി കാര്‍ലിറ്റോസ് ജോലി അന്വേഷിക്കുകയാണ്. മുത്തശ്ശിയില്‍ നിന്നും കടം വാങ്ങിയ പണംകൊണ്ടാണ് പലപ്പോഴും ജോലി തിരയാനായി പല സ്ഥലങ്ങളിലും പോയത്. ഒരുദിവസം ഒരു ലോക്കല്‍ കോഫീ-ചോക്ലേറ്റ് ഹൗസില്‍ ഒരു ജോലിക്കായി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് ഉടമ റെസ്യൂമെ ചോദിച്ചത്.
എന്നാല്‍, പ്രിന്റെടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ആകെ തകര്‍ന്നുപോയ കാര്‍ലിറ്റോസിന് കൈകൊണ്ട് സിവി എഴുതിത്തയ്യാറാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അത്യാവശ്യം കാര്യങ്ങളെല്ലാം എഴുതി, സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിവിയില്‍ തന്നെ മോശം പേപ്പറിലെഴുതിയതിന് മാപ്പും പറഞ്ഞു. അതാണ് പിന്നീട് ആരോ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചത്. അതാകട്ടെ വൈറലാവുകയും ചെയ്തു. കഷ്ടപ്പാടിനൊടുവില് യുവാവിന് സ്വകാര്യ ഗ്ലാസ് കമ്പനിയില്‍ ജോലി ലഭിക്കുകയും ചെയ്തു.