പയ്യന്നൂര്‍: മറ്റൊരാളുടെ സ്ഥലം കാണിച്ച് കച്ചവടമുറപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.പയ്യന്നൂര്‍ കൊക്കാനിശേരിയിലെ മുണ്ടയാട്ട് രഘുനാഥിന്റെ പരാതിയിലാണ് പെരുമ്പയിലെ ഹനീഫക്കും ഭാര്യ സാജിറയ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 2017 ഏപ്രില്‍ 25നാണ് പരാതിക്കാസ്പദമായ സംഭവം.
സ്വന്തം സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കച്ചവടമുറപ്പിക്കുകയും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയശേഷം സ്ഥലമോ വാങ്ങിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തന്നെ കാണിച്ചുതന്ന സ്ഥലം മറ്റൊരാളുടേതാണെന്ന് മനസിലായതെന്നും കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.ഈ പരാതിയിലാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.