തിരുവനന്തപുരം: വാഹന പരിശോധനയ്ക്കും പ്രതികളെ പിടികൂടാനും യൂണിഫോമിൽ ഘടിപ്പിച്ച കാമറകളുമായി ഇനി പോലീസ് എത്തും. ക്രമസമാധാനപാലനത്തിലും പട്രോളിംഗ് വേളയിലും നിരീക്ഷണം ശക്തമാക്കാൻ യൂണിഫോമിൽ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകൾ പോലീസിനു നൽകി.
പൈലറ്റ് അടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പോലീസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് കാമറകൾ കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു.
ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടിയെന്നും ഈ വർഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്നു ലോകനാഥ് ബെഹ്റ പറഞ്ഞു.ബ്രോഡ്കാസ്റ്റിംഗ് സംവിധാനമുള്ള കാമറകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് കണ്സൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കന്പനിയാണ് കാമറകൾ നൽകിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ സവിശേഷത.
ഫോർജി സിം ഉപയോഗിച്ച് കാമറ ദൃശൃങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്ട്രോൾ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാനാകും. ക്രമസമാധാനപാലനവേളയിൽ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡിജിപി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഈ ദൃശ്യങ്ങൾ കാണാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സാധിക്കും.
പുഷ് ടു ടാക് സംവിധാനം വഴി സീനിയർ ഓഫീസർക്ക് കാമറ ഘടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനോടും തിരിച്ചും സംസാരിക്കാനാകും. കാമറ സംവിധാനം ചേർന്ന ഗ്രൂപ്പിലെ അംഗങ്ങൾക്കു പരസ്പരം സംസാരിക്കാനും കഴിയും.
64 ജിബി മെമ്മറിയുള്ള കാമറകളിൽ ഓഡിയോ വീഡിയോ റെക്കോഡിംഗ് സൗകര്യമുൾപ്പെടെ മറ്റു സാധാരണ കാമറകളിലുള്ള സംവിധാനങ്ങളെല്ലാമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിംഗ് അതതു ദിവസം കണ്ട്രോൾ റൂമിൽ ശേഖരിക്കാനും പിന്നീടു വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണു പോലീസ് പ്രതീക്ഷ.