കൊല്ലം: അഞ്ചാലുംമൂട് സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിനിയായ 17കാരിയും കിളികൊല്ലൂർ സ്വദേശിനിയായ 15കാരിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് ഇവരെ മരിച്ചനിലയിൽ കാണപ്പെട്ടത്. മുറിയിലേക്ക് കയറുന്ന സ്റ്റെയർകേസിലെ കന്പിയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ഒരാൾ പതിനൊന്നാംക്ലാസ് വിദ്യാർഥിനിയും മറ്റൊരാൾ പത്താംക്ലാസ് വിദ്യാർഥിനിയുമാണ്. സംഭവമറിഞ്ഞ ഉടൻതന്നെ കൊല്ലം സിറ്റിപോലീസ് കമ്മീഷണർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചുവരികയാണ്. കുട്ടികൾ എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു.
ഇന്ന് രാവിലെ വാർഡനാണ് കുട്ടികൾ തൂങ്ങിനിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. വാർഡനെയും മറ്റ് ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവമറിഞ്ഞയുടൻ കുട്ടികളുടെ ബന്ധുക്കൾ ആഫ്റ്റർകെയർ ഹോമിലെത്തിയിരുന്നു.
രണ്ടുകുട്ടികളും പോക്സോ പ്രകാരമുളള കേസുകളിലെ ഇരകളാണ്. രണ്ടുപേരുടെയും ആത്മഹത്യകുറിപ്പുകൾ പരിശോധിച്ചുവരികയാണെന്ന് സിറ്റിപോലീസ് കമ്മീഷണർ അജിതാബീഗം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടികൾ ആഫ്റ്റർകെയർഹോമിലെത്തിയത്. സൈന്റിഫിക് വിദഗ്ധരും ഫിംഗർഫ്രിന്റ് വിദഗ്ധരുമെത്തിയിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.