വടകര: മാനസിക വെല്ലുവിളിയുള്ള 12 വയസുകാരിയെ ശല്യം ചെയ്ത കേസിൽ പ്രതിയായ അയൽവാസി ആത്മഹത്യ ചെയ്ത നിലയിൽ. ചോറോട് ഈസ്റ്റ് മണിയാറത്തുമുക്ക് നടുക്കണ്ടി കുഞ്ഞിരാമനാണ് (85) മരിച്ചത്. ഇയാളെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ പത്തിനാണ് കുഞ്ഞിരാമനെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം വടകര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്ത ശേഷം ജയിലിലായിരുന്ന കുഞ്ഞിരാമൻ ഇന്നലെ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയതായിരുന്നു.
ഇന്നു വെളുപ്പിനാണ് തൂങ്ങിമരിച്ചതായി കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ മാസങ്ങളായി ശല്യം ചെയ്യുന്നുവെന്നു കാണിച്ചു ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.