അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. സുദർശൻ സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ദ്വാരകയിലാണ് നിർമിച്ചിരിക്കുന്നത്.
ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും.
പാലത്തിന്റെ ഉദ്ഘാടനം കൂടാതെ ദ്വാരകയിൽ 4150 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. 980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.