കോവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നാലെ ഇന്ത്യയിലെ 87.2 ശതമാനം ജനങ്ങളും വൃത്തിക്ക് മുന്‍ഗണന നല്‍കുന്നതായി പഠനങ്ങള്‍. ഐഎഎന്‍എസാണ് ഇത് സംബന്ധിച്ച് സര്‍വെ നടത്തിയത്.
കോവിഡ് രോഗവ്യാപനത്തിന് പിന്നാലെ രാജ്യത്തെ 87.2 ശതമാനം പേര് തങ്ങളുടെ ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുവെന്ന് വെളിപ്പെടുത്തിയപ്പോള്‍ 12.8 ശതമാനം പേര് ഇതിനോട് വിയോജിച്ചുവെന്ന് സര്‍വെയില്‍ തെളിഞ്ഞു.
മാർച്ച് മാസം പകുതിയോടെ നടത്തിയ സമാന സര്‍വെയില്‍ 71.5 ശതമാനം ആളുകള്‍ മാത്രമാണ് ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതായി കണ്ടത്. എന്നാൽ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണും കൊറോണയെ പ്രതിരോധിക്കാനുള്ള ബോധവത്ക്കരണവും ശുചിത്വ അവബോധത്തിന് കാരണമായി എന്നാണ് വ്യക്തമാകുന്നത്.
വൈറസ് ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മറ്റൊരാളുമായി അടുത്തിടപഴകുമ്പോഴോ ആണ് രോഗം പകരുന്നതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. ഇതോടെ വ്യക്തിശുചിത്വം പ്രധാനമാണെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് വൃത്തിക്ക് ആളുകൾ കൂടുതൽ ശ്രദ്ധചെലുത്തി തുടങ്ങിയത്.