“”സിനിമയിലേക്കു വന്നത് യാദൃച്ഛികമായാണ്. സിനിമ മോഹിച്ചു വന്നതല്ല. സിനിമയിൽ അറിയാതെ പെട്ടുപോയതാണ്. എന്താണു സിനിമയെന്ന് അപ്പോൾ അറിയില്ലായിരുന്നു. ആദ്യ സിനിമ ഡാർവിന്റെ പരിണാമം. ഇപ്പോൾ രക്ഷാധികാരി ബൈജു ഒപ്പ്. രണ്ടാമത്തെ സിനിമ ചെയ്തു കഴിഞ്ഞതോടെ ഞാൻ സിനിമയുമായി പൂർണമായും പ്രണയത്തിലായി. സിനിമയെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ അതിനോടുള്ള ഇഷ്ടം കൂടി. കൂടുതൽ കാലം സിനിമ ചെയ്യണമെന്നുണ്ട്…” രഞ്ജൻപ്രമോദ് രചനയും സംവിധാനവും നിർവഹിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിൽ ബിജുമേനോന്റെ ഭാര്യവേഷത്തിൽ അഭിനയിച്ചതിന്റെ ആവേശത്തിലാണ് മോഡലും അഭിനേത്രിയുമായ ഹന്ന റെജി കോശി. ഹന്നയുടെ വിശേഷങ്ങളിലേക്ക്…
ഡെന്റിസ്റ്റായി ഒരു വർഷം, പിന്നെ പരസ്യചിത്രങ്ങൾ…
കർണാടകയിലായിരുന്നു ഡെന്റൽ പഠനം. മോഡലിംഗിലേക്കു പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. പഠിത്തം പൂർത്തിയാക്കിയശേഷമേ മോഡലിംഗിന് അനുവദിക്കൂ എന്നതു രക്ഷിതാക്കൾക്കു നിർബന്ധമായിരുന്നു. അങ്ങനെ പഠനശേഷം ഒരു വർഷം അവടെ ഡെന്റിസ്റ്റായി വർക്ക് ചെയ്തു. മോഡലിംഗ് ആയിരുന്നു എന്റെ വലിയ സ്വപ്നം. അങ്ങനെ മോഡലിംഗിലെത്തി. 2014 തുടക്കം മുതൽ 2015 അവസാനം വരെ മോഡലിംഗ് ചെയ്തു. മിസ് സൗത്ത് ഇന്ത്യ ടോപ്പ് സിക്സ് ഫൈനലിസ്റ്റായി. അതിനിടെ ആഡ് ഫിലിംസ് ചെയ്യുന്നുണ്ടായിരുന്നു. പരസ്യചിത്രങ്ങളിൽ നിന്നു പൂർണമായും വ്യത്യസ്തമാണല്ലോ സിനിമ.
ആദ്യചിത്രം ഡാർവിന്റെ പരിണാമം…
ആഡുകൾ ചെയ്യുന്നതിനിടെയാണ് ഡാർവിന്റെ പരിണാമം വരുന്നത്. മോഡലിംഗിനു പോകുന്പോൾ അവിടെ ഒരു ഏജൻസിയിൽ വച്ചു പരിചയപ്പെട്ട ഹുവൈസ് എന്ന സുഹൃത്ത് വഴിയാണ് സിനിമയിലെത്തിയത്. എന്റെ സാരി ഉടുത്ത ഒരു ചിത്രം സംവിധായകൻ ജിജോസാറിന് അയച്ചുകൊടുത്തു. അതു കണ്ട് ഇഷ്ടപ്പെട്ട് എന്നെ വിളിപ്പിച്ചു. ചില സീനുകൾ അഭിനയിപ്പിച്ചു നോക്കി. അങ്ങനെയാണ് അതിൽ സെലക്ടായത്. ആൻസി എന്നായിരുന്നു അതിലെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ്ചിത്രം ആയതുകൊണ്ടുതന്നെ എറെപ്പേർ പടം കാണുന്നുണ്ടായിരുന്നു. പോസിറ്റീവായ അഭിപ്രായമാണ് എന്റെ കഥാപാത്രത്തിനു ലഭിച്ചത്. എനിക്ക് അതൊരു ബൂസ്റ്റ് ആയിരുന്നു. മറ്റുള്ളവർ നല്ലതു പറയുന്പോഴാണല്ലോ നമുക്കു വീണ്ടും നല്ലതു ചെയ്യാൻ തോന്നുന്നത്.
ഡാർവിന്റെ പരിണാമത്തിനുശേഷം…
ഡാർവിന്റെ പരിണാമത്തിനുശേഷം പഠനം തുടരാൻ തീരുമാനിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റിൽ എംബിഎ ചെയ്തു തുടങ്ങി. മോഡലിംഗും സിനിമയുമായി ചേർത്തു കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട് ഇപ്പോൾ പഠനം നിർത്തിവച്ചു. ഡാർവിനു ശേഷം ചില അവസരങ്ങൾ വന്നിരുന്നു. ഞാൻ ബംഗളൂരുവിൽ ആയിരുന്നതിനാൽ പല അവസരങ്ങളും സ്വീകരിക്കാനായില്ല. പിന്നീടാണു രക്ഷാധികാരി ബൈജു വരുന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് സതീഷ് കോലം ഡാർവിന്റെ പരിണാമം കണ്ടിരുന്നു. അദ്ദേഹം ജിജോ സാറിനെ ബന്ധപ്പെട്ടു. തുടർന്നാണു ഞാൻ രഞ്ജൻ സാറിനെ പരിചയപ്പെട്ടുന്നതും ഈ സിനിമയിലേക്കു വന്നതും. ഇതിലാണ് ആദ്യമായി നായികയായി വരുന്നത്. ആദ്യാവസാനമുള്ള കഥാപാത്രം.
രക്ഷാധികാരി ബൈജു ഒപ്പിലെ കഥാപാത്രത്തെക്കുറിച്ച്..
എന്റെ കഥാപാത്രത്തിന്റെ പേര് അജിത. ആദ്യസിനിമയിലേതു പോലെതന്നെ ഇതിലും ഒരു നാടൻ കഥാപാത്രമായാണു ചെയ്യുന്നത്. വീട്ടമ്മയുടെ വേഷം. ബൈജു എന്ന ഗൃഹനാഥന്റെ വേഷമാണു ബിജുമേനോൻ ചെയ്യുന്നത്. ആ ഗൃഹനാഥനു ഭാര്യയുണ്ട്. മകളുണ്ട്. ആ കുടുംബത്തിലെ ഒരംഗം. ഏറെ സൈലന്റാണ് അജിത. അതേസമയം എന്തു വികാരവും അതു ദേഷ്യമാകട്ടെ, സങ്കടമാകട്ടെ, സന്തോഷമാകട്ടെ.. സ്നേഹത്തിലൂടെ മാത്രമേ പ്രകടിപ്പിക്കുകയുള്ളൂ. അങ്ങനെ ഭർത്താവിനെ ഒത്തിരി സ്നേഹിക്കുന്ന, ഭർത്താവിനുവേണ്ടി എല്ലാ കരുതുന്ന തനി നാടൻ വീട്ടമ്മയാണ് അജിത.
രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയെക്കുറിച്ച്..
ഇതിൽ ചെറുതും വലുതുമായ 120 ൽപ്പരം കഥാപാത്രങ്ങളുണ്ട്. 10 പേരിൽക്കുറഞ്ഞ ഒരു ഫ്രെയിം പോലും നമുക്കു കാണാനാവില്ല. കൂടാതെ, ഈ ചിത്രത്തിൽ സ്പോട്ടിൽ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യുകയായിരുന്നു. അതായത് സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, രഞ്ജൻ സാർ നല്ല രീതിയിലാണു മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്.
എനിക്ക് ഈ സിനിമ ചെയ്തതു വലിയ ഭാഗ്യമായി തോന്നുന്നു. ഒത്തിരി വലിയ ആർട്ടിസ്റ്റുകളുണ്ട് ഈ ചിത്രത്തിൽ. ജനാർദനൻ ചേട്ടൻ, വിജയരാഘവൻ, അംബിക ചേച്ചി, ബിജുമേനോൻ, അജു, ദീപക്… അവരുടെയൊപ്പം അഭിനയിക്കുന്പോൾ ഒരു പുതുമുഖം എന്ന നിലയ്ക്ക് അവരിൽ നിന്നു കൂടുതൽ കാര്യങ്ങൾ പഠിക്കാനായി. പിന്നെ, രഞ്ജൻ സാറിന്റെ സ്ക്രിപ്റ്റ്. അതിൽ എല്ലാം നാടൻ തനിമയോടെയാണല്ലോ. അതുപോലെതന്നെ നാടൻ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണ് ഇത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ടൈറ്റിൽ കേൾക്കുന്പോൾത്തന്നെ ബൈജു എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണെന്ന് നമുക്കറിയാം. പക്ഷേ, ബൈജുവിനെപ്പറ്റി മാത്രമല്ല സിനിമ. കുറേ കുടുംബജീവിതങ്ങളുടെ കഥ പറയുന്നുണ്ട് ഈ സിനിമ. ക്രിക്കറ്റ് എന്ന കായികവിനോദത്തോടുള്ള കൗതുകത്തെക്കുറിച്ചും ഈ സിനിമ പറയുന്നുണ്ട്. എന്നാൽ, ക്രിക്കറ്റ് സിനിമയുമല്ല ഇത്. പിന്നെ കുറേ കുടുംബങ്ങളുടെ കാര്യങ്ങൾ ഇതിലുണ്ട്.
ഒരു ഫുൾ കോമഡി എന്റർടെയ്നറാണ് രക്ഷാധികാരി ബൈജു ഒപ്പ്. പക്ഷേ, ചെറിയ രീതിയിലുള്ള നൊന്പരങ്ങളും ജീവിതവുമായി ബന്ധമുള്ള മറ്റു കാര്യങ്ങളുമൊക്കെ ഈ ചിത്രത്തിലുണ്ട്. ഒരു കാണി എന്ന നിലയിൽ സിനിമ കണ്ടിറങ്ങുന്പോൾ നമ്മുടെ മനസിനെ ഈ സിനിമ സ്പർശിച്ചിരിക്കും എന്ന കാര്യത്തിൽ 100 ശതമാനം ഗ്യാരന്റി നല്കാം. അതല്ലേ ഒരു സിനിമയുടെ വിജയം. ജനങ്ങളെ ചിന്തിപ്പിക്കും സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ ഉറപ്പുതരാൻ പറ്റുന്ന ഒരു സിനിമയാണ്.
പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണല്ലോ…
അതേ. ഏഴു പാട്ടുകളുണ്ട്. സംഗീതം നല്കിയതു ബിജിപാൽ. ബി.കെ.ഹരിനാരായണനാണ് പാട്ടുകൾ എഴുതിയത്. ഈ സിനിമ മൊത്തം പാട്ടാണോ എന്നു പെട്ടെന്നു ചിലരെങ്കിലും ചിന്തിക്കും. പക്ഷേ, ഇതിലെ ഓരോ പാട്ടും ഓരോ കഥ പറയും. ഓരോ സിറ്റ്വേഷനും ഓരോ കഥയുമാണ് ഓരോ പാട്ടിലൂടെയും രഞ്ജൻ സാർ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടു തീർന്നുപോകുന്നതു പോലും നമ്മൾ അറിയില്ല. കാരണം, അതിലൂടെ ഓരോ കഥയാണു പറയുന്നത്. നല്ല മെലഡികളാണ്. നമുക്ക് ആസ്വദിക്കാനാവും. പണ്ടത്തെ കാലം ഓർമവരുത്തുന്ന രീതിയിലുള്ള ഗാനങ്ങൾ.
ബിജുമേനോന് ഒപ്പമുള്ള അഭിനയം, അനുഭവം…
ബിജുചേട്ടൻ സീരിയസ് വ്യക്തിയായിരിക്കും എന്നാണ് ആദ്യം ഞാൻ വിചാരിച്ചത്. വേഴ്സറ്റൈൽ ആക്ടറാണെന്ന് സെറ്റിൽ വന്നപ്പോഴാണു മനസിലായത്. അദ്ദേഹം വളരെ സ്പോണ്ടേനിയസ് ആക്ടറാണ്. നമ്മൾ അദ്ഭുതപ്പെട്ടു നോക്കിനിന്നു പോകും. അത്തരത്തിൽ ആക്ടിംഗ് സ്കിൽ ഉള്ള ഒരു നടനാണു ബിജുമേനോൻ. ഞാൻ വളരെ ആവേശത്തിലായിരുന്നു. കാരണം, ബിജു മേനോനൊപ്പം അഭിനയിക്കാൻ കിട്ടിയ ഒരു അവസരം. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഏറെ കാര്യങ്ങൾ പഠിക്കാനായി. ഇടയ്ക്കിടെ ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ബിജുചേട്ടൻ വളരെ ക്ഷമയോടെ നല്ല ഫ്രണ്ട്ലിയായി എല്ലാത്തിനും ഉത്തരങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നിരുന്നു. സെറ്റിൽ ആദ്യാവസാനം എനിക്കു സഹായവും സപ്പോർ്ട്ടുമായിരുന്നു അദ്ദേഹം.
ഞാൻ വളരെ പക്വതയും പാകതയും വന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അത് അനായാസം കൈകാര്യം ചെയ്യാൻ എന്നെ സഹായിക്കുകയും ഗൈഡ് ചെയ്യുകയും ചെയ്തത് ബിജു ചേട്ടനും ഞങ്ങളുടെ ഡയറക്ടറായ രഞ്ജൻസാറും പ്രൊഡ്യൂസേഴ്സും ഈ ക്രൂവിലുള്ള എല്ലാ അംഗങ്ങളുമാണ്. അതിൽ ബിജുചേട്ടൻ എനിക്കു പ്രത്യേക സഹായം ചെയ്തിട്ടുണ്ട്. അതിനു സഹായകമായ കാര്യങ്ങൾ ഏറെ നന്നായി പറഞ്ഞുതന്നിരുന്നു.
സെറ്റിൽ വച്ചു തന്നെ സൗണ്ട് റെക്കോർഡ് ചെയ്യുന്നതിന്റെ (സിങ്ക് സൗണ്ട്) ബുദ്ധിമുട്ടുകൾ…
ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ടിംഗ്. ആക്ഷൻ പറയുന്പോൾ പശു, കാക്ക തുടങ്ങിയവ നിശബ്ദരായി ഇരിക്കില്ല. അവയെ നമുക്കൊന്നും പറഞ്ഞു മനസിലാക്കാനാവില്ലല്ലോ. പക്ഷേ, ആ നാട്ടിൻപുറത്തുള്ളവരെല്ലാം കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ സപ്പോർട്ടായിരുന്നു. കോഴിക്കോട് പയ്യോളിയിലായിരുന്നു ഷൂട്ടിംഗ്. ഉൾഗ്രാമം. സിങ്ക് സൗണ്ട് ആയതിനാൽ പ്രോംപ്റ്റിംഗ് ഉണ്ടായിരുന്നില്ല. ഡയലോഗുകൾ എല്ലാം ഓർത്തുവയ്ക്കണം. ശബ്ദത്തിൽ ഒരു തെറ്റു പോലും വരാൻ പാടില്ല. അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കുറേക്കൂടി റിയലിസ്റ്റിക് സമീപനമാണ് അത്. അങ്ങനെ ചെയ്യുന്പോൾ ഏറെ ഒറിജിനൽ ആണെന്നു തോന്നും. ആദ്യചിത്രത്തിലും എന്റെ കഥാപാത്രത്തിനു ഞാനാണു ശബ്ദം നല്കിയത്. അതിൽ ഡബ്ബിംഗായിരുന്നു. പക്ഷേ, ഇതിൽ സ്പോട്ട് സിങ്ക് സൗണ്ട് ആണെന്നു മാത്രം. ഡയലോഗ് നേരത്തേ കിട്ടിയിരുന്നു. അതു പഠിച്ചിട്ടു പറഞ്ഞു. അത്രേയുള്ളൂ.
പക്വത വന്ന വീട്ടമ്മയാണല്ലോ അജിത. അഭിനയിക്കുന്പോൾ അതു വെല്ലുവിളിയായി മാറിയോ…?
തുടക്കം മുതൽ അവസാനം വരെ ഈ സിനിമയിൽ എല്ലാം എനിക്കു ചലഞ്ചിംഗ് ആയിരുന്നു. യഥാർഥ ജീവിതത്തിൽ ഞാനൊരു ടോം ബോയി ടൈപ്പാണ്. എന്റെ വാർഡ്രോബ് നിറയെ ജീൻസും ഷർട്ടുമാണ്. ജീൻസും ഷർട്ടും ധരിക്കുന്ന ഒരു വ്യക്തിയാണു ഞാൻ. അങ്ങനെയുള്ള എനിക്കു സാരി ധരിക്കുന്ന, ഏറെ പക്വതയുള്ള കഥാപാത്രം ചെയ്യാൻ അവസരം വന്നു. അതിനു സഹായകമായി ചില റഫറൻസ് സിനിമകൾ കാണണമെന്നു നിർദേശം കിട്ടിയിരുന്നു. ഉർവശി ചേച്ചി, സംയുക്തവർമ, രേവതി, ശോഭന.. തുടങ്ങിയവർ അഭിനയിച്ചു തകർത്ത കുടുംബചലച്ചിത്രങ്ങളിൽ അവർ ചെയ്ത രീതി കണ്ടതിനുശേഷം അത് എന്റേതായ രീതിയിൽ ചെയ്യണമെന്നു നിർദേശം ലഭിച്ചിരുന്നു. അതൊക്കെ കണ്ടിരുന്നു.
പിന്നെ, എനിക്ക് ഈ ക്രൂവിലുള്ള എല്ലാവരുടെയും സപ്പോർട്ടുണ്ടായിരുന്നു. അതിനാൽ എനിക്ക് അഭിനയിക്കുകയാണെന്നു തോന്നിയിരുന്നില്ല. ആക്ഷൻ പറയുന്പോൽ ഞാൻ അജിതയായിട്ടു മാറുകയായിരുന്നു. എനിക്കത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. പക്ഷേ, ചലഞ്ചിംഗ് ആയിരുന്നു. കാരണം, ഞാൻ ഇതേവരെ ചെയ്യാത്ത ഒരു കാരക്ടറും ഞാൻ അല്ലാത്ത ഒരു വ്യക്തിയുമാണല്ലോ അജിത. ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രം. അതിനാൽ വെല്ലുവിളിയുണ്ടായിരുന്നു. എങ്കിലും എൻജോയ് ചെയ്താണ് ഞാൻ അതു ചെയ്തത്.
സംവിധായകൻ രഞ്ജൻ പ്രമോദിനൊപ്പമുള്ള അനുഭവങ്ങൾ…
അദ്ദേഹത്തെക്കുറിച്ചു കേട്ടുപരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായിട്ടാണു നേരിൽ പരിചയപ്പെട്ടത്. അജിത എന്ന കഥാപാത്രത്തെ മൊത്തത്തിൽ ഉൾക്കൊള്ളാൻ എന്നെ സഹായിച്ച വ്യക്തി രഞ്ജൻ സാറാണ്. എല്ലാം പറഞ്ഞു തന്നു. നന്നായി ഗൈഡ് ചെയ്തു. അഭിനയിക്കാതെ എങ്ങനെ ആ കഥാപാത്രമായി ജീവിക്കാം എന്നതിനു സഹായകമായ ടിപ്സും കാര്യങ്ങളുമൊക്കെ അദ്ദേഹം പറഞ്ഞുതന്നു. ഒത്തിരി പ്രോത്സാഹനം കി്ട്ടുന്പോഴാണല്ലോ നമുക്കു നന്നായി ചെയ്യാനാവുക. അദ്ദഹം ഒത്തിരി പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നെ ഇതുവരെ വഴക്കൊന്നും പറഞ്ഞിട്ടില്ല. സിങ്ക് സൗണ്ട് ചെയ്യുന്പോൾ കോംപ്ലിക്കേഷനുകളും വെല്ലുവിളികളും കൂടും. ചെറിയ ലാഗ് വരുന്പോൾ സ്വാഭാവികമായും എല്ലാവർക്കും ചെറിയ അസ്വസ്ഥതകൾ തോന്നാം. പക്ഷേ, എന്നോട് അങ്ങനെയൊന്നും പ്രകടിപ്പിച്ചിട്ടില്ല. വളരെ പ്ലസന്റായി, വളരെ പോസിറ്റീവായി പെരുമാറുന്ന വ്യക്തിയാണു രഞ്ജൻസാർ.
ഈ സിനിമയുടെ സെറ്റിലെ പ്രചോദനം..
ഒാരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിക്കാനായതും എല്ലാവരെയും കാണാനായതുമൊക്കെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം വലിയകാര്യം. ഇത്രയും വലിയ ആർട്ടിസ്റ്റുകളിൽ നിന്നു പഠിക്കാനായതു തന്നെയാണ് വലിയ കാര്യം.
വീട്ടുവിശേഷങ്ങൾ…
വീട്ടിൽ പപ്പ, മമ്മ, ഞാൻ, എന്റെ ഗ്രാൻഡ് മദർ. പപ്പ റെജി തോമസ്. ബിസിനസ് ചെയ്യുന്നു. മമ്മ ആലീസ് റെജി. താമസം എറണാകുളത്ത്. മൃഗസ്നേഹികളാണ് ഞങ്ങൾ.
മോഡലിംഗ് തുടരുമോ, ഡെന്റൽ പ്രാക്ടീസ് ആലോചനയിലുണ്ടോ…?
സിനിമ കൊണ്ട് മോഡലിംഗിന് ഇതേവരെ തടസം വന്നിട്ടില്ല. അതിനാൽ മോഡലിംഗിൽ അവസരം വന്നാൽ അതും തുടരും. രണ്ടും ഭംഗിയായി കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ വളരെ നന്നായിരിക്കുമെന്നു വിചാരിക്കുന്നു. ഡെന്റൽ പഠനം പൂർത്തിയായതിനാൽ വേണമെങ്കിൽ എനിക്കു ക്ലിനിക്ക് ഇടാം. പക്ഷേ, ഇതുവരെ ഇട്ടിട്ടില്ല. ആലോചനയിലുണ്ട്.
സിനിമ – പ്രതീക്ഷകൾ, സ്വപ്നങ്ങൾ…
എനിക്ക് അഭിനയിക്കാൻ സന്തോഷം തോന്നുന്നതും അല്ലെങ്കിൽ എനിക്ക് അഭിനയ സാധ്യതയുള്ളതും എനിക്ക് സ്പേസ് തരുന്നതും എനിക്ക് അഭിനയിക്കാൻ പറ്റും എന്നുതോന്നുന്നതുമായ ഏതു കഥാപാത്രവും ഞാൻ സ്വീകരിക്കും. ഇതുവരെ ചെയ്ത രണ്ടു സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങളാണു കിട്ടിയിരിക്കുന്നത്. നല്ല കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കും. പുതിയ സിനിമകൾ ഇതേവരെ കമിറ്റ് ചെയ്തിട്ടില്ല. പക്ഷേ, ചില സ്ക്രിപ്റ്റുകൾ കേട്ടിട്ടുണ്ട്. ഈ സിനിമ റിലീസായശേഷം തീരുമാനിക്കും.
ടി.ജി.ബൈജുനാഥ്