കൊച്ചി: കോളജ് യൂണിഫോമിൽ റോഡരികിൽ മീൻ വിറ്റു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായ ഹനാൻ എന്ന 21 വയസുകാരിയെക്കുറിച്ചുള്ള വാർത്തകളിൽ വഴിത്തിരിവ്. മീൻ കച്ചവടം നടത്താൻ പതിവുപോലെ ഇന്നലെ പാലാരിവട്ടം തമ്മനത്തെത്തിയ ഹനാനെ പോലീസ് തടഞ്ഞു. വഴിയോരത്ത് നടത്തുന്ന മീൻ കച്ചവടം ഗതാഗതക്കുരുക്കിനു കാരണമാകുമെന്നു പറഞ്ഞാണു കച്ചവടം വിലക്കിയത്. ഹനാൻ എത്തിയതോടെ വൻജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു. പോലീസ് ഇടപെടലിനെത്തുടർന്നു ദേഹാസ്വാസ്ഥ്യമുണ്ടായ ഹനാനെ പിന്നീടു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തനിക്ക് അനുകൂലവും പ്രതികൂലവുമായി പ്രചരിക്കുന്ന വാർത്തകൾക്കെതിരേ ഹനാൻ ഇന്നലെ പ്രതികരിച്ചു. “എനിക്ക് ആരുടെയും പത്തു പൈസ വേണ്ട, എന്നെ ജീവിക്കാൻ അനുവദിക്കൂവെന്നു പറഞ്ഞ ഹനാൻ തന്റെ അക്കൗണ്ടിലേക്കെത്തിയ ഒന്നര ലക്ഷത്തോളം രൂപ തിരിച്ചു നൽകുമെന്നും വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ കാരണം ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണെന്നും ഹനാൻ പറഞ്ഞു.
തമ്മനത്തു യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേർ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അൽ അസാർ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ തൃശൂർ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്.
വാർത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയിൽ ഹനാന് അവസരം നൽകുമെന്നു സംവിധായകൻ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണെന്നായിരുന്നു മീൻ വിൽപനയെന്ന ആക്ഷേപം. ഇക്കാര്യം അരുണ്‍ ഗോപി നിഷേധിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ഹനയുടെ കഥ അറിഞ്ഞപ്പോൾ സഹായിക്കണമെന്നു മാത്രമേ കരുതിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഹനയുടെ ജീവിതകഥ സത്യമാണെന്നു കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹനാന്റെ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നതാണെന്നു സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈനും പറഞ്ഞു. കൊച്ചി മാടവനയിലെ ഒരു വീട്ടിൽ ഹനാൻ വാടകയ്ക്കു താമസിക്കുകയാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണു താമസം. അമ്മയും ഏകസഹോദരനും തൃശൂരിലാണുള്ളത്.
ചന്പക്കര മാർക്കറ്റിൽ സൈക്കിളിലെത്തി മീൻ വാങ്ങി തമ്മനത്തെത്തിച്ചശേഷം കോളജിൽ പോകുന്ന ഹനാൻ വൈകുന്നേരം തിരിച്ചെത്തിയാണു മീൻ വിറ്റിരുന്നത്. ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ കേരള പോലീസിന്റെ സൈബർ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരികയാണ്.