മുക്കം: കോവിഡ് 19 രോഗം ലോകമാകെ പടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഇത്തവണ ലഭിച്ചത് മൂന്നു മാസത്തോളം അവധിയാണ്. ആദ്യ ദിനങ്ങളിൽ വലിയ ആവേശത്തോടെ തന്നെ വിദ്യാർഥികൾ ഇത് ഏറ്റെടുത്തങ്കിലും പിന്നീട് വിരസതയിലേക്ക് നീങ്ങി.
ഈ സാഹചര്യത്തിൽ പിന്നെ ടെലിവിഷനുകളും മൊബൈൽ ഫോണുകളുമായി കുട്ടികളുടെ കളി കൂട്ടുകാർ. എന്നാൽ പന്നിക്കോട് ആനപ്പാറക്കൽ ഹന്ന ഉസ്മാൻ എന്ന നാലാം ക്ലാസുകാരി തന്റെ ഒഴിവ് സമയം സർഗാത്മക പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. എ ഫോർ ഷീറ്റിലും ന്യൂസ് പേപ്പറിലും എന്ന് വേണ്ട ഡിസ്പോസിബിൾ ഗ്ലാസുകളിൽ പോലും നിറയുന്നത് വിവിധ രൂപങ്ങളാണ്.
ഇത്തവണ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പഠനോത്സവത്തിന്റെ ഭാഗമായി പന്നിക്കോട് ജിഎൽപി സ്കൂളിലെ ബീന ടീച്ചറുടെ നിർബന്ധപ്രകാരം നടത്തിയ പ്രവർത്തനങ്ങളാണ് തനിക്ക് ഇത്തരം സാധനങ്ങൾ ഉണ്ടാക്കാൻ ആത്മധൈര്യം നൽകിയതെന്ന് ഹന്ന പറയുന്നു. കടലാസ് പൂവുകൾ, ക്രിസ്മസ് ട്രീ, പെൻസിൽ ബോക്സ്, വിവിധ അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം ഈ നാലാം ക്ലാസുകാരി നിമിഷ നേരം കൊണ്ട് ഉണ്ടാക്കും.
സഹോദരി ഹൈഫയുടെ എല്ലാവിധസഹായവും ഹന്നയ്ക്കുണ്ട്. തങ്ങളുടെ മകൾ ഈ കൊറോണ കാലം ഇത്തരത്തിൽ സർഗാത്മക പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിൽ പ്രവാസിയായ പിതാവ് ഉസ്മാനും മാതാവ് ഫലീലയും ഏറെ സന്തോഷത്തിലാണ്.