ലഹരി വിപണിയില്‍ കുട്ടി ഏജന്റുമാരും; സഹപാഠികളെ വലയില്‍ ആക്കാന്‍ പണവും പരിശീലനവും

alp-kanchavuകൊട്ടാരക്കര: വിദ്യാലയങ്ങളില്‍ ലഹരി വ്യാപാരത്തിന് മാഫിയ സംഘങ്ങള്‍ വിദ്യാര്‍ഥികളെയും ഉപയോഗിച്ചു വരുന്നു. സഹപാഠികളെ വലയില്‍ ആക്കാന്‍ കുട്ടി ഏജന്റുമാര്‍ക്ക് പണവും പരിശീലനവും ക്രിമിനല്‍ സംഘങ്ങള്‍ നല്‍കിവരുന്നുണ്ട്.വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉള്ളതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ മിക്ക സ്‌കൂളുകളിലും ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.

ലഹരി മിഠായികള്‍, ലഹരി കലര്‍ന്ന ശീതള പാനീയങ്ങള്‍, ലഹരി കലര്‍ന്ന സ്‌പ്രേ, കഞ്ചാവ് തുടങ്ങിയവയാണ് കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്നത്. ഇവയുടെ വിപണത്തിനായാണ് വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചു വരുന്നത്.ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെയും സിനിമാ തീയേറ്ററില്‍ പോകുന്നവരേയും അല്പ സ്വല്പം വില്ലത്തരം കാണിക്കുന്നവരേയുമാണ് മാഫിയകള്‍ വലയിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലഹരി മിഠായിയും, പാനിയങ്ങളും സൗജന്യമായി നല്‍കി സൗഹൃദം സ്ഥാപിക്കും.

ക്രമേണ ഇവരെ ഇതിന്റെ ഉപഭോക്താക്കളാക്കി മാറ്റും. ഇവര്‍ ആവശ്യക്കാരായി മാറുന്നതോടെ പണം നല്‍കിവാങ്ങാന്‍ തയാറാകും. ഈ ഘട്ടത്തില്‍ പണം ലഭിക്കാന്‍ ലഹരിയുടെ ഏജന്റുമാരാക്കി ഈ വിദ്യാര്‍ഥികളെ മാഫിയകള്‍ മാറ്റിയെടുക്കും.ഇത്തരം കുട്ടി എജന്റുമാര്‍ ഇവരുടെ സഹപാഠികളെ ലഹരിയിലേക്ക് പരിശീലിപ്പിക്കുകയും അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്യുന്നു.ചെറിയ രീതിയില്‍ തുടങ്ങുന്ന ഈ ലഹരി ഉപയോഗം നാള്‍ക്കു നാള്‍ വര്‍ധിച്ചുവരുന്നു. മിഠായിയിലും പാനീയത്തിലും തുടങ്ങുന്ന ലഹരി പിന്നീട് കഞ്ചാവിലേക്കും, മയക്കു മരുന്നിലേക്കും വഴി മാറുന്നു.

ഇങ്ങനെ വലിയൊരു വിഭാഗത്തെ ലഹരി ഉപഭോക്താക്കളാക്കി വിപണനം വര്‍ധിപ്പിക്കുകയാണ് മാഫികളുടെ തന്ത്രം. പല സ്‌കൂളുകളിലും ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ പിടികൂടാറുണ്ട്.എന്നാല്‍ ഇതെല്ലാം ഒതുക്കി തീര്‍ക്കാനായിരിക്കും അധ്യാപകരുടേയും മാനേജ്‌മെന്റുകളുടേയും ശ്രമം. സ്‌കൂളിന്റെ സല്‍പേരിനെ കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരം വിദ്യാര്‍ഥികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ അതുവഴി ലഹരി ശൃംഖലയെ അമര്‍ച്ച ചെയ്യുവാനോ ശ്രമങ്ങള്‍ ഉണ്ടാകാറില്ല.

വിദ്യാര്‍ഥികളെ ശാസിക്കാന്‍ പോലും പല അധ്യാപകര്‍ക്കും ഭയമാണ്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ല. കുറിപ്പുകള്‍ എഴുതി വച്ച് ആത്മഹത്യ ചെയ്താല്‍ പോലും അധ്യാപകര്‍ കുടുങ്ങും.വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ അധ്യാപകരുടെ ജീവിതം തന്നെ തകര്‍ത്തേക്കും. ലഹരിയുടെ വ്യാപനം കുട്ടികളിലും വര്‍ധിച്ചതോടെ പൊതു സമൂഹം ഭീതിയിലാണ് . സ്‌കൂളുകളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നത് അച്ഛനമ്മമാരുടെ വേദന ഇരട്ടിയാകുന്നു.

Related posts