ഭരണമുന്നണിയിലെ പ്രമുഖന്റെ ഇടപെടല്‍ മൂവാറ്റുപുഴയില്‍ ലഹരി ഉത്പന്നങ്ങളുടെ നിരോധനം അട്ടിമറിക്കാന്‍ നീക്കം

ekm-kanchavubaiമൂവാറ്റുപുഴ: നഗരസഭാ പ്രദേശത്ത് ലഹരി ഉത്പന്നങ്ങളുടെ നിരോധനം അട്ടിമറിക്കാന്‍ നീക്കം. നഗരത്തിലെ ചില പെട്ടിക്കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഹരിപദാര്‍ഥങ്ങളുടെ വില്പന സജീവമാകുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം നഗരസഭാ പരിധിക്കുളളിലെ ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഭരണമുന്നണിയിലെ പ്രമുഖന്റെ  ഇടപെടലിനെ തുടര്‍ന്നു പിടിച്ചെടുത്തവ തിരികെ നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ പ്രതിപക്ഷം സമരത്തിലാണ്.

നേരത്തെ എക്‌സൈസും പോലീസും നഗരസഭ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കിയതോടെ മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനം കുറഞ്ഞിരുന്നെങ്കിലും സമീപനാളുകളില്‍ ഇവ വീണ്ടും സജീവമായിരിക്കുകയാണ്. നിലവില്‍ പരിശോധനകള്‍ പേരിനുമാത്രമാണ് നടക്കുന്നത്. സംസ്ഥാനത്ത് പാന്‍മസാല ഉള്‍പ്പെടെയുള്ള  ലഹരി ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടും മൂവാറ്റുപുഴ നഗരസഭ അതിര്‍ത്തിക്കുളളിലും സമീപ പഞ്ചായത്തുകളിലും ഇവ സുലഭമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍.

ഇതിനുപുറമെ  പ്രദേശത്തെ യുവാക്കളിലും വിദ്യാര്‍ഥികളിലും ഉപഭോഗം വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. നിസാര വിലയ്ക്കു ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന പാന്‍മസാലയും മറ്റു ലഹരി വസ്തുക്കളും ഇവിടെ പത്തിരട്ടി വിലയ്ക്കുവരെയാണ് വില്പന നടത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമാകാത്തതും മയക്കുമരുന്നു മാഫിയയ്ക്ക് തുണയാകുകയാണ്. ഭരണാധികാരികളും ഉദ്യോഗസ്ഥരും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Related posts