ഈരാറ്റുപേട്ട: പൂട്ടിയിട്ടിരുന്ന ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. ഈരാറ്റുപേട്ട- മുട്ടം റോഡിൽ കളത്തുകാവ് ഭാഗത്തെ ഗോഡൗണിൽനിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
ഗോഡൗണ്‍ വാടകയ്ക്കെടുത്ത നടക്കൽ സ്വദേശി ഒളിവിലാണ്. 28 ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾക്കു ചില്ലറ വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നു പോലീസ് പറഞ്ഞു. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് ഇത്രയധികം സാധനങ്ങൾ സൂക്ഷിച്ചതെന്നു സംശയിക്കുന്നു.
കളത്തുകടവ് സ്വദേശിയുടെ ഗോഡൗണ്‍ ആറു മാസം മുന്‍പാണ് നടക്കൽ സ്വദേശിയായ യുവാവ് വാടകയ്ക്കെടുത്തത്. റബർ മാറ്റുകൾ സ്ഥാപിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തതെന്നു ഉടമ പോലീസിനോട് പറഞ്ഞു.
രാത്രികാലങ്ങളിൽ മാത്രം വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്കു രഹസ്യ വിവരം കൈമാറുകയായിരുന്നു. തുടർന്നു ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശാനുസരം ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ പ്രദേശത്ത് കുറച്ചു നാളായി അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിൽ ഇവിടെ റബർ മാറ്റുകളുടെ യാതൊരുവിധ ഇടപാടും നടക്കുന്നില്ലെന്നും നിരോധിത പുകയുല്പന്നങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നതെന്നും കണ്ടെത്തി.
നർക്കോട്ടക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി ബി. പ്രഫുല്ലചന്ദ്രൻഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ എം.എം. അനുരാജ്, ഷജുദീൻ റാവുത്തർ, എസ് സിപിഒമാരായ സജിമോൻ, ദിലീപ്, അഭിലാഷ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ബി നായർ, തോസണ് കെ മാത്യു, ഷമീർ സമദ്, പ്രതീഷ് രാജ്, കെ.അആർ. അജയകുമാർ, വി.കെ അനീഷ്, പി.എം. ഷിബു, എസ്. അരുണ്‍ എന്നിവരാണ് പരിശോധന നടത്തിയത്.