കൊല്ലം: 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾപിടികൂടിയകേസിൽ ഒളിവിലായിരുന്ന പ്രതികൾ പോലീസ് പിടിയിൽ. തേജസ് നഗർ – 151 ൽ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂർ (40), വടക്കേവിള വയലിൽ വീട്ടിൽ ഷുഹൈബ് (45) എന്നിവരെയാണ് കൊല്ലം സിറ്റി പോലീസ് സംഘം പിടികൂടിയത്.
ഇരവിപുരം പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷന് സമീപം തേജസ് നഗർ 152 നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ കോന്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ടാറ്റാ എയ്സ് വാഹനത്തിൽ നിന്നും സമീപത്തെ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂരിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 24 ചാക്കുകളിലായി നിറച്ചിരുന്ന 60000 പാക്കറ്റോളം വിവിധയിനത്തിൽപ്പെട്ട 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർ റ്റി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി നസീർ എം എയുടെ നേതൃത്വത്തിൽ ഇരവിപുരം എസ്ഐ അനീഷ്, ഡിസ്ട്രിക്ട് അന്റി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ എസ്ഐ ജയകുമാർ, പോലീസ് ഉദ്യോഗസ്ഥരായ സീനു, സജു, ബൈജു ജെറോം മനു, രതീഷ്, റിബു, ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.