കടുത്തുരുത്തി: വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിറ്റിരുന്ന കേസിൽ പിടിയിലായ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള മൂന്നുപേരെ റിമാൻഡ് ചെയ്തു. വെള്ളൂർ എസ്ഐ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ വെള്ളൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സ്റ്റീഫൻസ് ബസിലെ ഡ്രൈവറായ വെള്ളൂർ നെടുംപറന്പിൽ ജോബിൻ (31), കണ്ടക്ടർ പെരുവ വടുകുന്നപ്പുഴ പാച്ചിത്താഴത്ത് ജിതിൻമോൻ (22), ഇതേ ബസിലെ മറ്റൊരു ഡ്രൈവറായിരുന്ന ഞീഴൂർ പാറയ്ക്കൽ ജോയി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. ബസും കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ രാവിലെ പത്തോടെ വെള്ളൂരിൽ നിന്നും കോട്ടയത്തേക്കു പോകുംവഴി എച്ച്എൻഎലിന് സമീപത്തു വച്ചാണ് ബസ് തടഞ്ഞു നിർത്തി മൂവരെയും കസ്റ്റഡിയിലെടുത്തത്. വെള്ളൂർ പെരുവ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മൂവരും ലഹരി ഉൽപന്നമായ ഹാൻസ് വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഓരോ പായ്ക്കറ്റുകളായി ഹാൻസുകൾ പേപ്പറിൽ പൊതിഞ്ഞ് വണ്ടിക്കുള്ളിൽ സൂക്ഷിച്ചാണ് വിൽപന നടത്തിയിരുന്നത്. നൂറോളം പായ്ക്കറ്റ് ഹാൻസും ഇന്നലെ ബസിനുള്ളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ബസിനുള്ളിലെ ടൂൾ ബോക്സിനുള്ളിൽ നിന്നും മൂവരുടെയും കൈയ്യിൽ നിന്നുമാണ് ഹാൻസ് പിടികൂടിയത്.
ജോയി ജോസഫാണ് ബാംഗ്ലൂരിൽ നിന്നും ഹാൻസ് ഇവിടെ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈ ബസിൽ കുട്ടികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നതായി സ്കൂൾ അധികൃതരുടെ പരാതി ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബസും കോടതിയിൽ ഹാജരാക്കി. എഎസ്ഐമാരായ സോണി ജോസഫ്, ഡി.ശശീന്ദ്രൻ, പിആർഒ ടി.ആർ. മോഹനൻ, സിപിഒ സാജു എന്നിവരാണ് എസ്ഐക്കൊപ്പം പ്രതികളെ അറസ്റ്റ് ചെയ്തത്.