ചേർത്തല: ആഡംബരകാറിൽ കടത്തി കൊണ്ടുവന്ന ഒന്‍പതുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അർത്തുങ്കൽ പോലീസ് പിടികൂടി.
ആലപ്പുഴ വാടക്കനാൽ പൊക്കത്തുവെളി ഷെബീർ (തേങ്ങാ ഷെബീർ-32), പാലക്കാട് പട്ടാന്പി പാറപ്പുറത്ത് അബ്ദുൾ അസീസ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അജ്ഞാത സന്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ 10.30 ഓടെ തീരദേശ പാതയിൽ അർത്തുങ്കൽ ഐടിസി കവലക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
ആലപ്പുഴ ഭാഗത്ത് നിന്ന് ചേർത്തലയിലേക്ക് വന്ന മാരുതി സ്വിഫ്റ്റ് ഡിസെയർ കാറിന്റെ പിൻസീറ്റ് ഇളക്കി മാറ്റി 11 ചാക്കുകളിലായാണ് 17000 ഓളം പാക്കറ്റ് ഹാൻസ് സൂക്ഷിച്ചിരുന്നത്. പാലക്കാട്, തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഹാൻസ് ഇവർ പാലക്കാട് നിന്ന് വാങ്ങി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുന്‍പ് മാരാരി ബീച്ചിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്ന് പോലീസ് ഹാൻസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ എസ്എൻ കോളജിന് സമീപത്തുള്ള അഖിലാണ് നൽകിയതെന്ന വിവരം ലഭിച്ചു. ഇയാളെ പിടികൂടിയതോടെ 30 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
അഖിലിന് ഹാൻസ് എത്തിച്ച് നൽകുന്ന ഇസ്മയിലിനെ പിടികൂടി നടത്തിയ പരിശോധനയിൽ 900 പാക്കറ്റ് ഹാൻസും കണ്ടെടുത്തു. ഇയാളിൽ നിന്നാണ് മൊത്തകച്ചവടക്കാരായ ഷെബീറിനെയും അബ്ദുൾ അസീസിനെയും കുറിച്ച് വിവരം ലഭിച്ചതെന്ന് എസ്ഐ ടോൾസണ്‍ ജോസഫ് പറഞ്ഞു.
പ്രതികളെ ഇന്നലെ വൈകുന്നേരം കോടതിയിൽ എത്തിച്ച് റിമാന്റ് ചെയ്തു. എസ്ഐ ടോൾസണ്‍ ജോസഫിനെകൂടാതെ ഗ്രേഡ് എസ്ഐ വിനോഷ്, എഎസ്ഐമാരായ സുനിൽകുമാർ, മധു, സിപിഒമാരായ അഗസ്റ്റിൻ, വിനോദ്, ശ്യാം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.