ചെങ്ങന്നൂര്‍: പാണ്ടനാട്ടെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപയുടെ പാൻമസാല പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ്(38) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഡാന്‍സാഫ് ടീമും ചെങ്ങന്നൂര്‍ പോലീസും സംയ്ക്തമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ചാക്കുകളിലായി സംഭരിച്ചുവച്ചിരുന്ന 72,000 പായ്ക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്.ജില്ലയിലെ ഏറ്റവും വലിയ പാൻമസാല വേട്ടയാണ് നടന്നതെന്നു പോലീസ് പറയുന്നു.
ബംഗളൂരുവിൽനിന്നു കടത്ത്
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ജിജോ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗളൂരുവില്‍നിന്നു വന്‍തോതില്‍ പാൻമസാല എത്തിച്ചു വിവിധ കച്ചവടക്കാര്‍ക്കു നൽകിവരികയായിരുന്നു.
പാൻമസാല വിതരണത്തിനായും കടത്തിനായും ഇയാള്‍ ഉപയോഗിച്ചിരുന്ന ബൊലേറോ പിക്അപ്, വാഗണ്‍ ആര്, സാന്‍ട്രോ എന്നീ മൂന്നു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ കടത്തിലും വില്പനയിലും കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റും അന്വേഷണം നടക്കുകയാണെന്നു ഡിവൈഎസ്പി ഡോ.ആര്.ജോസ് അറിയിച്ചു.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്.ജോസ്, ആലപ്പുഴ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബിനുകുമാര്‍, ചെങ്ങന്നൂര്‍ എസ്എച്ച്ഒ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്ഐമാരായ എം.സി. അഭിലാഷ്, സുരേഷ്ബാബു, ഇല്യാസ്, എഎസ്ഐമാരായ അജിത്ത്, സന്തോഷ്, സിപിഒമാരായ ഹരികൃഷ്ണന്, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാര്‍, സിദ്ദിഖ്, അതുല്‍ രാജ്, ശിവകുമാര്‍, എസ്.സനല്‍ എന്നിവര്‍ പങ്കെടുത്തു.