കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്താൻ പരിശോധനകൾ ആരംഭിച്ചു. പോലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. ഇന്നലെ മൂന്ന് സ്ഥലങ്ങളിൽ നിന്നായി 2360 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.
ചിങ്ങവനം, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ നിന്നായാണ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. ചിങ്ങവനത്ത് നാട്ടകം പതിനഞ്ചിൽപ്പടി തകിടിയിൽ വിഷ്ണു മഹേന്ദ്രൻ, കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തുന്ന ഇല്ലിക്കൽ നാലുകണ്ടത്തിൽ കൊച്ചുമുഹമ്മദ് (71), കുമരകത്ത് വിടിനോട് ചേർന്നു കട നടത്തുന്ന ചെങ്ങളം കുമ്മനത്തിൽ ഈരേഴത്ത് ഗോപി (68)യുമാണ് പിടിയിലായത്.
ചിങ്ങവനത്ത് പിടിയിലായ വിഷ്ണു നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണ്. ഇയാളുടെ പക്കൽ നിന്നുമാണ് 2000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെടുത്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം പുകയില ഉല്പന്നങ്ങളുടെ വില്പന വർധിച്ചതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു പരിശോധനകൾ നടത്താൻ കർശന നിർദേശം നല്‍കുകയായിരുന്നു.
ഇതോടെ ഒരാഴ്ച മുന്‍പു നടത്തിയ പരിശോധനയിൽ കോടിമത ഭാഗത്തെ കടകളിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു മഹേന്ദ്രനാണ് വിവിധ കടകളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിച്ചു നല്‍കുന്നതെന്ന് കണ്ടെത്തി.
തുടർന്നു ഇയാളെ രഹസ്യമായി നീരിക്ഷിച്ചാണ് പിടികൂടിയത്. ചങ്ങനാശേരി ഭാഗത്തു നിന്നു കാറിൽ എത്തിയാളുടെ വാഹനത്തിലായിരുന്നു നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉല്‍പന്നങ്ങളാണു പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫ്, എസ്ഐ അബ്്ദുൾ ജലീൽ, എഎസ്ഐ ജീമോൻ, ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ, എസ്. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയത്ത് പെട്ടിക്കട നടത്തുന്ന കൊച്ചുമുഹമ്മദ് മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു നൽകുന്ന കവറിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയിരുന്നത്.
300 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മരുന്നുകളുടെ കവറിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കുമരകത്ത് നിന്നും പിടികൂടി ഗോപിയുടെ പക്കൽ 60 പായക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് ഉണ്ടായിരുന്നത്. വീടിനോടു ചേർന്ന് നടത്തിയിരുന്ന കടയിൽ നിന്നുമാണ് ഇവ വില്പന നടത്തിയിരുന്നത്. സിഐ ഷിബു പാപ്പച്ചൻ, എസ്ഐ അബ്ദുൾ ലത്തീഫ്, സിപിഒ മാരായ അനീഷ്, ജോണി എന്നിവർ ഇന്നലെ രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പിടികുടിയത്.