റെനീഷ് മാത്യു
കണ്ണൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ണൂരിൽ പിടികൂടിയാൽ ഇനി പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. തടവുശിക്ഷ കൂടി ലഭിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരേ “ജീവിതമാണ് അതു വലിച്ചെറിയരുത്’ എന്ന പേരിൽ കാന്പയിൻ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിൽ ലഹരി ഉത്പന്നങ്ങൾ വില്ക്കുന്നവർക്കെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ 77,78 വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്ത് നല്കിയിരുന്നു.
ഈ വകുപ്പുകൾ ചേർത്താൽ ഏഴു വർഷംവരെ തടവും ഒന്നരലക്ഷം രൂപ പിഴയും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജെ.ജെ. ആക്ടും കൂടി ഉൾപ്പെടുത്തിയാണ് ഇനി മുതൽ കേസെടുക്കുന്നത്. കണ്ണൂരിൽ കുട്ടികളുടെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിലാണ് കർശന നടപടികൾ തുടങ്ങിയത്. നേരത്തെ പുകയില ഉത്പന്നങ്ങൾ വിൽക്കുകയും സൂക്ഷിക്കുകയും ചെയ്തു കഴിഞ്ഞാൽ 5,000 രൂപ പിഴയടച്ച് ശിക്ഷയിൽനിന്ന് രക്ഷ നേടാമായിരുന്നു. ഇന്നലെ കണ്ണൂരിൽ പുതിയ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂർ ബല്ലാർഡ് റോഡിൽ ടി.വി കോംപ്ലക്സ് കെട്ടിടത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.20 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി അനിൽ കുമാർ പട്ടേലിനെ (38) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തു. ജെ.ജെ ആക്ടും കൂടി ഉൾപ്പെടുത്തി കേസെടുത്ത ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.