ചാലക്കുടി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. നിരവധി ലഹരി മരുന്നുകേസുകളിലേയും ക്രിമിനൽ കേസുകളിലേയും പ്രതി കുറുക്കൻ രാജേഷ് എന്നറിയപ്പെടുന്ന നായരങ്ങാടി ഉദിനിപറന്പൻ ജംഗ്്ഷനിൽ കൊല്ലമാക്കുടി വീട്ടിൽ രാജേഷ് (39)നെയാണ് എസ്ഐ ജയേഷ് ബാലനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്.
രണ്ടായിരത്തോളം പാക്കറ്റ് ഹാൻസ് ഇയാളിൽനിന്നും പോലീസ് പിടിച്ചെടുത്തു. ഫോണിൽ ലഹരിവസ്തുക്കൾ ആവശ്യപ്പെടുന്നവർക്ക് ഇരുചക്രവാഹനത്തിൽ എത്തിക്കുകയായിരുന്നു രീതി. കഴിഞ്ഞവർഷം രാജേഷിന്റെ പക്കൽനിന്നും ഒന്നരകിലോ കഞ്ചാവ് എസ്ഐ ജയേഷ് ബാലനും സംഘവും പിടികൂടിയിരുന്നു.
ഈ കേസിൽ ആറുമാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവില്പന തുടങ്ങുകയായിരുന്നു. നിലവിലുള്ള കേസുകൾക്ക് പണം കണ്ടെത്തനാണ് വീണ്ടും ലഹരി വിൽപ്പന ആരംഭിച്ചതെന്നു ഇയാൾ പോലീസിനോട് സമ്മതിച്ചു.
കുറച്ചുനാളുകളായി ഉദനിപറന്പൻ ജംഗ്്ഷൻ, കുട്ടിഷാപ്പ്, പടിഞ്ഞാറെ നായരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഈ സ്ഥലങ്ങളിൽ നിഴൽ പോലീസിനെ നിയോഗിച്ചിരിക്കുകയായിരുന്നു.
രാജേഷിനെ ഇരുചക്ര വാഹനത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. എസ്ഐ വി.വി.ഷിജു, സീനിയർ സിപിഒ സുമേഷ്, എം.എസ്.ഷിജു, രാജേഷ് ചന്ദ്രൻ, വി.ജെ.പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഇയാളുടെ നിലവിലുള്ള ജാമ്യം റദ്ദുചെയ്യുന്നതിനായി അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി സിഐ വി.ഹരിദാസൻ അറിയിച്ചു.