ചങ്ങനാശേരി: ആഡംബര കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തുനിന്നും രഹസ്യമായി കടത്തിക്കൊണ്ടുവന്ന ഏഴരലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ്(35), തിരുനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ (28) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ടാ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തുനിന്നുമാണ് സംഘത്തെ പിടികൂടിയത്.
ചങ്ങനാശേരി ഡിവൈഎസ്പി എൻ. രാജൻ, സിഐ കെ.പി. വിനോദ്, എസ്ഐ അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, സിബിച്ചൻ ജോസഫ്, അരുൺ, ആന്റണി, പ്രദീഷ് രാജ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കാറിന്റെ ഡിക്കിയിൽ പത്തു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
കളയിക്കവിളയിൽ നിന്ന് വാങ്ങി ചങ്ങനാശേരി വാഴി കോട്ടയത്തുള്ള കടകളിൽ വില്ക്കുന്നതിനായി കൊണ്ടുപോകുന്പോഴാണ് പോലീസ് ഇവരെ കുടുക്കിയകത്. കോട്ടയം സ്വദേശിയായ ഒരു യുവാവാണ് കോട്ടയത്തുള്ള വിതരണത്തിന് ഇവർക്ക് സഹായം നൽകിയിരുന്നതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
കഴിഞ്ഞ രണ്ടുവർഷക്കാലമായി തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ വിറ്റ് ഇവർ വൻതോതിൽ പണം സന്പാദിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വിലപിടിപ്പുള്ള ആഡംബര കാറിൽ രാത്രി കാലങ്ങളിൽ പോലീസിനെ വെട്ടിച്ചാണ് ഇവർ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.