മംഗലംഡാം: വണ്ടാഴി സി.വി.എം.സ്കൂൾ പരിസരത്ത് നിന്നും വില്പനക്കായി കൊണ്ട് വന്ന 350 പാക്കറ്റ് ഹാൻസും വാഹനവും മംഗലംഡാം പോലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ശെൽവരാജാണ് പിടിയിലായത്. ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബു , ആലത്തൂർ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം എസ്.ഐ , കെ.എസ്. സുബിത്ത് , എസ്.സി.പി.ഒ.മാരായ വേലപ്പൻ , അബ്ദുനാസർ , സി.പി.ഒ മാരായ ധനഞ്ജയൻ , വിനു മോൻ എന്നിവരുടെ സംഘം വളരെ തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയോര കച്ചവടക്കാർക്കും യഥേഷ്ടം സാധനം എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഹാൻസ് കൂടാതെ ഇയാളിൽ നിന്നും പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട് . വണ്ടാഴി, മംഗലംഡാം എന്നിവിടങ്ങളിലെ സ്കൂൾ പരിസരവും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ലോബിയും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇവരുടെ വലയത്തിൽപ്പെട്ട് പോകുന്നത്.