ശ്രീകണ്ഠപുരം: വില്പനക്കായി കടത്തുകയായിരുന്ന 3000 പായ്ക്കറ്റ് പാൻമസാലയുമായി കാഞ്ഞിരക്കൊല്ലിയിൽ 3 പേർ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലിയിലെ തേനിക്കൽ ഷാജി (45), മുക്കുഴിയിലെ കുരിശുംമൂട്ടിൽ ബൈജു ജോസഫ് (42), വാതിൽമടയിലെ മേലകത്ത് രശ്മിൻ എന്ന കുട്ടൻ (35) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.
കർണാടകയിൽ നിന്ന് സംഘം തലച്ചുമടായി കൊണ്ടുവരികയായിരുന്ന പാൻമസാല രഹസ്യവിവരത്തെത്തുടർന്ന് കാഞ്ഞിരക്കൊല്ലി വനാതിർത്തിയിൽ വെച്ച് ഇന്ന് പുലർച്ചെ പിടികൂടികൂടുകയായിരുന്നു.ഓണ സീസണിൽ കാഞ്ഞിരക്കൊല്ലി, പയ്യാവൂർ, ചന്ദനക്കാംപാറ പ്രദേശങ്ങളിലെ കടകളിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് പാൻമസാലയെന്ന് ചോദ്യം ചെയ്യലിൽ സംഘം എക്സൈസ് അധികൃതരോട് പറഞ്ഞു.
കർണാടകയിൽ നിന്ന് അഞ്ചു രൂപക്ക് ലഭിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ളവ 30 മുതൽ 40 വരെ രൂപക്കാണ് കടകളിൽ വില്പന നടത്തുന്നത്. ഒരു വർഷം മുമ്പ് ചാരായവും പാൻമസാലയും ജീപ്പിൽ കടത്തുന്നതിനിടെ ബൈജു ജോസഫിനെ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.
അന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് വീണ്ടും പാൻമസാല വില്പനയിലേക്കിറങ്ങുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ പി.ടി. യേശുദാസൻ, പി.ആർ. സജീവ്, സിഇഒ മാരായ പി.വി. പ്രകാശൻ, എം.വി. പ്രദീപൻ, പി. ഷിബു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.