കോട്ടയം: സ്കൂൾ പരിസരത്ത് ഹാൻസ് വിൽപന നടത്തി വന്നയാൾ പോലീസിന്റെ പിടിയിലായി. പേരൂർ ഇരുന്പനത്ത്പടിയിൽ താമസിക്കുന്ന പെരുന്പ്രാളിൽ ബാലസുബ്രമണ്യത്തി (46)നെയാണ് ഇന്നലെ ഗാന്ധിനഗർ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
സ്കൂട്ടറിൽ കറങ്ങി നടന്നു സ്കൂൾ വിദ്യാർഥികൾക്കു നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തി വരികയായിരുന്നു ഇയാൾ. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 35 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.
സ്കൂളുകൾ കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നനായി ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു ഗാന്ധിനഗർ എസ്ഐ അനൂപ് ജോസ്, എഎസ്ഐ ജെസ്റ്റിൻ, സിപിഒ ജിമോൻ, ഷൈനു എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.