കോട്ടയം: പച്ചക്കറി ലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ കോട്ടയത്ത് പിടിയിലായ അച്ഛനും മകനും നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന് പോലീസ്. താഴത്തങ്ങാടി തളിക്കോട്ട ബിസ്മില്ലയിൽ സി.എ. സ്നേഹ ജാൻ (46), മകൻ അജ്മൽ മുഹമ്മദ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
നാല് ലക്ഷം രൂപ വിലവരുന്ന 50 ബണ്ടിൽ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരുടെ പക്കൽ നിന്നു പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് അഞ്ചു രൂപയ്ക്കു ലഭിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിച്ചശേഷം 150 മുതൽ 200 രൂപവരെ വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്.
ഇത്തരത്തിൽ കൊള്ള ലാഭമായിരുന്നു ഇവർക്കു ലഭിച്ചുകൊണ്ടിരുന്നത്. ഇവർക്കെതിരേ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പതിവായി തമിഴ്നാട്ടിൽ നിന്നു പച്ചക്കറികൾക്കൊപ്പം നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിച്ചു ചെറുകിടക്കാർ ഉൾപ്പെടെയുള്ളവർക്കു വില്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.
പച്ചക്കറികൾക്കൊപ്പം കോടിമത മാർക്കറ്റിൽ എത്തിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ താഴത്തങ്ങാടിയിലുള്ള ഇവരുടെ രഹസ്യകേന്ദ്രത്തിൽ എത്തിച്ചു സൂക്ഷിക്കും. തുടർന്ന് ഓട്ടോറിക്ഷയിൽ തന്നെ നഗരത്തിലുടെയും സമീപ പ്രദേശങ്ങളിലുടെയും കറങ്ങി നടന്നായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്.
ഓട്ടോറിക്ഷയിൽ യാത്രക്കാരെ കയറ്റുന്നതു പോലെ ആവശ്യക്കാരെ കയറ്റിയശേഷം സാധനങ്ങൾ അവർക്കു കൈമാറി പണം വാങ്ങുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പതിവായി നിരോധിത പുകയില ഉത്പന്നങ്ങൾ വാങ്ങുന്ന ചെറുകിട കച്ചവടക്കാരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ നിരീക്ഷിച്ചുവരികയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഹാൻസ് വിതരണം ചെയ്യുന്നതായി ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന് വിവരം ലഭിച്ചിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരം 5.30നു ഇവരെ പിടികൂടാൻ സാധിച്ചത്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത്, ജൂനിയർ എസ്ഐ ടി. സുമേഷ്, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ടി.ജെ. സജീവ്, സിവിൽ പോലീസ് ഓഫിസർ കെ.ആർ. ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളുമായി പോലീസ് പിടികൂടിയ സി.എ. സ്നേഹ ജാൻ, അജ്മൽ മുഹമ്മദ് എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.