പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്പനയ്ക്കെത്തിച്ച 2860 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പ്രത്യേക സംഘം വിദഗ്ധമായി പിടികൂടി.
2,28,800 രൂപ വിലവരുന്ന പുകയില പായ്ക്കറ്റുകളുമായെത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെയാണ് (30) ജില്ലാ പോലീസിലെ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയിലാണ് അറസ്റ്റ് ചെയ്തത്.
തെങ്കാശിയില്‍ നിന്നുകുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്പന നടത്തിവരികയാണിയാള്‍.
തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള കാറില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കാര്‍ട്ടണുകള്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചു വിദഗ്ധമായാണ് കൊണ്ടുവന്നത്.
ഭക്ഷ്യവസ്തുക്കളെന്നു തോന്നിപ്പിക്കുന്നതിനായി പായ്ക്കറ്റുകള്‍ക്കു മുകളില്‍ ജങ്ക് ഫുഡ് കവറുകള്‍ നിരത്തിയിട്ട നിലയിലായിരുന്നു. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.
ഷമീറിനു കൂട്ടാളികള്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഡാന്‍സാഫ് സംഘത്തില്‍ എസ്ഐ ആര്. എസ്. രെഞ്ചു, എഎസ്ഐ വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു.