കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതോടെ പരിശോധന കർശനമാക്കാൻ എക്സൈസ്. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇവ നൽകുന്ന സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സജീവമാണെന്ന സൂചനയെത്തുടർന്നാണു പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച പുലർച്ചെവരെമാത്രം എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 300 കിലോയോളം നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പിടികൂടിയത്.
അഞ്ച് ലക്ഷം രൂപയോളം വിപണിമൂല്യമുള്ളതാണ് പിടികൂടിയ നിരോധിത പുകയില ഉത്പ്പന്നങ്ങൾ. ഇത്രയധികം ഉത്പന്നങ്ങൾ പിടികൂടിയതോടെയാണുവരും ദിവസങ്ങളിലും പരിശോധന തുടരാൻ അധികൃതർ തീരുമാനിച്ചത്. മിന്നൽ പരിശോധനകളുടെ ഭാഗമായി 57 പേർക്കെതിരെയാണു കോട്പാ ആക്ട് പ്രകാരം അധികൃതർ കേസെടുത്തിട്ടുള്ളത്. ഇതിന്റെ തുടർച്ചയെന്നോണം നടത്തിയ പരിശോധനയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ വൻതോതിൽ വിൽപന നടത്തിവന്ന മുളവുകാട് സ്വദേശി കണക്കത്തറ വീട്ടിൽ ഉത്തമനെ(53) എക്സൈസ് പിടികൂടിയിരുന്നു.
ഇയാളിൽനിന്ന് മൂവായിരത്തോളം പാക്കറ്റ് ഹാൻസടക്കമുള്ള പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട് സേലത്തുനിന്നും ട്രെയിൻ മാർഗം എത്തിച്ചായിരുന്നു ഇയാളുടെ വിൽപ്പന. ബീഹാർ സ്വദേശി രോഹിത്തിന്റെ പക്കൽനിന്നും മൂവായിരത്തോളം പാക്കറ്റ് ഹാൻസടക്കമുള്ള പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവും 400 കിലോയോളം നിരോധിത ഉത്പന്നങ്ങളും പിടികൂടിയിരുന്നു. ഏഴ് പേർക്കെതിരേ മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദേശ പ്രകാരം എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. ടെനിമോന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എക്സൈസ് ഇൻസ്പെക്ടർ ടി.പി. സജീവ് കുമാർ, പ്രവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, അജയഭാനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്, റെനി, ആഷ്ലി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.