ആലപ്പുഴ: സ്വകാര്യ പാഴ്സൽ സർവീസ് വഴി കൊൽക്കത്തയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ ആലപ്പുഴയിൽ എക്സൈസ് സംഘം പിടികൂടി. സ്വകാര്യ പാഴ്സൽ സർവീസിന്റെ ഓഫീസിൽ ലോറിയിലെത്തിയ ലഹരി വസ്തുക്കളാണ് എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊൽക്കത്തയിൽ നിന്നും ആലപ്പുഴയിലെത്തിയ പാഴ്സൽ ലോറിയിലെ സാധനങ്ങൾ ഗോഡൗണിൽ തരംതിരിക്കുന്നതിനിടയിലാണ് എക്സൈസ് സംഘം ഇവ കണ്ടെത്തിയത്.
ലോറിയിലെ കെട്ടുകളിൽ ചിലത് ലഹരി വസ്തുക്കളാണെന്ന വിവരം എക്സൈസിന് ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരത്തെ വസ്ത്ര വ്യാപാര ശാലയിലേക്കുള്ള തുണിക്കെട്ടുകൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചാക്കുകളിലായിരുന്നു ലഹരിവസ്തുക്കൾ. 20 പായ്ക്കറ്റുകളടങ്ങിയ പെട്ടികളാക്കിയായിരുന്നു ഇവ ചാക്കിൽ അടുക്കിയിരുന്നത്. 5500 പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് എക്സൈസ് കണ്ടെടുത്തത്.
84 കിലോ ഗ്രാം വരുന്ന ഇവയ്ക്ക് വിപണിയിൽ രണ്ടേ മുക്കാൽ ലക്ഷം രൂപയോളം വില വരുമെന്നാണ് കരുതുന്നത്. ബംഗാൾ സ്വദേശിയുടെ പേരിലായിരുന്നു കൊൽക്കത്തയിൽ നിന്ന് പാഴ്സൽ അയച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ എച്ച്. നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ. ബി. ശ്രീകുമാർ, എം.സി. ബിനു, കെ.എസ്.ലാൽജി, ബി. സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.