ആലുവ: കശുവണ്ടി വ്യാപാരമെന്ന പേരിൽ പ്രവർത്തിച്ച ഗോഡൗണിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പാക്കു ചെയ്യുന്നതിനിടെ നാട്ടുകാർ പിടികൂടി.
ഇന്ന് പുലർച്ചെ രണ്ടിന് കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിന് സമീപം മുള്ളൻകുഴിയിലാണ് സംഭവം. പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഏതാനും മാസം മുമ്പ് നിർമിച്ച ഗോഡൗൺ മാറമ്പിള്ളിയിൽ സ്റ്റാർ തീയേറ്ററിന് സമീപം താമസിക്കുന്ന ജബ്ബാറിന്റേതാണ്. രാത്രി സമയത്ത് വാഹനങ്ങൾ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
വറുത്ത കശുവണ്ടി എത്തിച്ച് തോട് നീക്കി വീണ്ടും പാക്കിംഗ് ചെയ്യുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.പുതുവർഷം ആഘോഷങ്ങൾക്കായി വീടിന് പുറത്തിറങ്ങിയ യുവാക്കളാണ് സംശയം തോന്നി ഗോഡൗണിൽ എത്തിയത്.
ഈ സമയം വലിയ ചാക്കുകളിലായി കൊണ്ടുവന്ന ലഹരി വസ്തുക്കൾ വാഹനത്തിൽനിന്ന് എടുത്ത് ചില്ലറ പാക്കുകളിൽ ആക്കുന്നത് കാണുകയായിരുന്നു. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തിയപ്പോഴേയ്ക്കും ഡ്രൈവറടക്കമുളള പ്രതികൾ ഓടി രക്ഷപ്പെട്ടു.
രാവിലെ ഒൻപതോടെ പോലീസെത്തി വാഹനം പിടിച്ചെടുത്തു. കെഎൽ 42 ആർ 9741 ആണ് രജിസ്ട്രേഷൻ നമ്പർ. ലഹരി വസ്തുക്കളുടെ കണക്ക് പോലീസ് എടുത്തു കൊണ്ടിരിക്കുകയാണ്.