ചങ്ങനാശേരി: ചങ്ങനാശേരിയിൽനിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ. ചങ്ങനാശേരിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേർന്നാണു പിടികൂടിയത്.
പുഴവാത് മധുരവീട് റഫീഖി (40)ന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം ആറിനാണ് നഗരത്തിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് എത്തുന്പോൾ രണ്ടു പേർ വീട്ടിൽനിന്നും ഓടി രക്ഷപ്പെട്ടിരുന്നു.
റഫീഖ് അഞ്ചു മാസമായി ഈ വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചു വില്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ റെയ്ഡ് നടത്തിയത്.റഫീഖിനെ പിടികൂടുന്നതിനായും ഓടി രക്ഷപ്പെട്ടവർക്കു വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായിരുന്നു ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു.
നർകോട്ടിക് സെൽ ഡിവൈഎസ്പി, ചങ്ങനാശേരി ഡിവൈഎസ്പി എന്നിവരുടെ നിർദ്ദേശാനുസരണം ചങ്ങനാശേരി എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്ഐ ശ്രീകുമാർ, വനിത എസ്ഐ സുപ്രഭ, എഎസ്ഐ സിജു. കെ സൈമണ്‍, ശ്രീജിത്ത് ബി. പിള്ള, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ.്ഐ. സജീവ് ചന്ദ്രൻ, കെ.ആർ. അജയകുമാർ, ശ്രീജിത്ത് ബി. നായർ, തോംസണ്‍ കെ മാത്യു, വി.കെ. അനീഷ്, എസ്. അരുണ്‍, പി.കെ. ഷിബു, ഷമീർ സമദ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.