ശ്രീകണ്ഠപുരം: മലപ്പട്ടം കാപ്പാട്ടുകുന്നിൽ ലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുമ്പോഴും അധികൃതർക്ക് മൗനം. കാപ്പാട്ടുകുന്ന് റോഡരികിലെ വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വായനശാല കേന്ദ്രീകരിച്ചാണ് കഞ്ചാവും മറ്റ് പുകയില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും വിദ്യാർഥികൾക്ക് വരെ വില്പന നടത്തുന്നത്.
ഇതിനായി വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്. രാപകൽ ഭേദമില്ലാതെ ലഹരി സംഘങ്ങൾ വായനശാലയിൽ തമ്പടിക്കുകയാണ്. ഇവിടം സാമൂഹിക വിരുദ്ധർ താവളമാക്കിയതോടെ രാത്രി സമയങ്ങളിൽ ഇതുവഴി പോകാൻ പോലും ആളുകൾ പ്രയാസപ്പെടുകയാണ്.
പ്ലസ്ടു വിദ്യാർഥികൾ മുതൽ ലഹരി മാഫിയ സംഘത്തിലുണ്ട്. തുടക്കത്തിൽ സൗജന്യമായാണ് ലഹരി വസ്തുക്കൾ നൽകുന്നത്. ഒന്നോ രണ്ടോ ദിവസം ഇത് ആവർത്തിച്ചാൽ പിന്നീട് ഇത് വില കൊടുത്ത് വാങ്ങാൻ നിർബന്ധിതരാകും.
കഞ്ചാവ് കത്തിച്ച് വലിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതിന് തയാറാകാത്തവർക്കാണ് നാവിനടിയിൽ വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള ലഹരി വസ്തുക്കൾ നൽകുന്നത്. സിഗരറ്റിൽ ഉൾപ്പെടെ ഉരുക്കി തേച്ച് പിടിപ്പിക്കുക്കുന്ന ലഹരി വസ്തുക്കളും മിഠായി രൂപത്തിലുള്ള പാൻ ഉല്പന്നങ്ങളുടെയും സ്റ്റിക്കർ ടൈപ്പിലുള്ള ലഹരി വസ്തുക്കളുടെയും വില്പനയും വ്യാപകമാണ്.
ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നതിന് മയ്യിൽ, കണ്ണാടിപ്പറമ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉത്പങ്ങൾക്ക് ഒരു തവണത്തേക്കുള്ള ചെറിയൊരു പൊതിക്ക് 300 രൂപയാണ് സംഘം വാങ്ങുന്നത്.
ദിവസം രണ്ടിൽ കൂടുതൽ തവണ ഇതുപയോഗിക്കുന്ന വിദ്യാർഥികൾ വരെയുണ്ടെന്ന് ഉപയോഗിക്കുന്ന വിദ്യാർഥികൾ തന്നെ പറയുന്നു. എക്സൈസ്, പോലീസ് അധികൃതരോട് പരാതിപ്പെട്ടാലും പരിശോധന നടത്താൻ പോലും തയാറാകാത്തതാണ് ലഹരി മാഫിയകൾക്ക് പ്രോൽസാഹനമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.