കുമരകം: നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻശേഖരം പിടികൂടിയിട്ടും നിയമത്തിന്റെ പഴുതും രാഷ്ട്രീയ സ്വാധീനത്തിലും പോലീസ് പിടിച്ച് മണിക്കൂറുകൾക്കം പ്രതി രക്ഷപ്പെട്ടതായി ആക്ഷേപം.
കുമരകത്തുനിന്ന് മൂവായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഞായറാഴ്ചയാണ് യുവാവിനെ പോലീസ് പിടികൂടിയത്. സാവിത്രി കവല എബ്രച്ചിറ ബിജുമോൻ എബ്രഹാം (31) ആണ് രണ്ടു ചാക്കു നിറയെ നിരോധിത പുകയില ഉല്പന്ന പായ്ക്കറ്റുകളുമായി പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്ത് മേലേക്കരയിൽ നിന്ന് കഴിഞ്ഞ രാത്രി 10ന് പ്രതിയെ പിടികൂടിയത്.
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകനാണ് പ്രതി. ഈ ബന്ധം ഉപയോഗിച്ചാണ് കേസിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കുമരകത്തും പരിസര പ്രദേശങ്ങളിലും വൻ തോതിലാണ് നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപാരം നടക്കുന്നത്. നിരവധി കേസുകൾ പിടികൂടുന്നുവെങ്കിലും നിരോധിത പുകയില ഉല്പന്നങ്ങളുടെ വിപണനം സുലഭമായിരിക്കുകയാണ്.
കുമരകം എസ്എച്ച്ഒ വി. സജികുമാർ, എസ്ഐ സുരേഷ്, ഗ്രേഡ് എസ്ഐ ബൈജു, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി നിരോധിത പുകയില ഉത്പന്നങ്ങളോടെ പ്രതിയെ പിടികൂടിയത്.